ഏഷ്യാ കപ്പ് ; ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം; നാണംകെട്ട് പാകിസ്താന്‍
അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരേ കൂറ്റന്‍ ജയവുമായി ഇന്ത്യ.228 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. 357 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താനെ 128റണ്‍സിന് ഇന്ത്യ കടപുഴക്കി. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ബുംറ,ഹാര്‍ദ്ദിക്ക് പാണ്ഡെ, ശ്രാദ്ധുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.27 റണ്‍സെടുത്ത ഫക്കര്‍ സമനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. സല്‍മാന്‍ അഗാ, ഇഫ്തിക്കര്‍ അഹ്‌മ്മദ് എന്നിവര്‍ 23 റണ്‍സ് വീതം നേടി. ബാബര്‍ അസം 10ഉം റിസ്വാന്‍ രണ്ടും റണ്‍സെടുത്ത് പുറത്തായി.
ഏഷ്യാകപ്പിലെ ക്ലാസ്സിക്ക് പോരാട്ടത്തില്‍ പാകിസ്താന് മുന്നില്‍ കൂറ്റന്‍ റണ്‍മല പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ ജയം ഇന്ത്യ പ്രതീക്ഷിച്ചിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. വിരാട് കോഹ്‌ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായത്. ഇരുവരും പുറത്താവാതെ നിന്നു.കോഹ്‌ലി 94 പന്തില്‍ 122 റണ്‍സെടുത്തപ്പോള്‍ രാഹുല്‍ 106 പന്തില്‍ 111 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ 56ഉം ശുഭ്മാന്‍ ഗില്‍ 58ഉം റണ്‍സെടുത്തു. ടോസ് ലഭിച്ച പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.കോഹ്‌ലിയുടെ കരിയറിലെ 77ാം സെഞ്ചുറിയാണ് ഇന്ന് നേടിയത്. തുടക്കം മുതലേ പാക് ബൗളിങിന് മുന്നില്‍ മേല്‍ക്കോയ്മ നേടാന്‍ ഇന്ത്യയ്ക്കായി. അത് അവസാനം വരെ തുടര്‍ന്നാണ് കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്.
പാകിസ്താനെതിരായ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി മാറി. 2004ല്‍ പാക്കിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് കോഹ്ലി ഇന്ന് തകര്‍ത്തത്.സച്ചിന്‍ തന്റെ 321-ാം ഇന്നിംഗ്സില്‍ ആയിരുന്നു ഈ നേട്ടം കൈവരിച്ചത്. 267-ാം ഇന്നിംഗ്സ് മാത്രമെ കോഹ്ലിക്ക് 13000 റണ്ണില്‍ എത്താന്‍ വേണ്ടി വന്നുള്ളൂ. ഇന്ന് 99 റണ്ണില്‍ എത്തിയപ്പോള്‍ ആണ് കോഹ്ലി 13000 എന്ന നാഴികകല്ലില്‍ എത്തിയത്. പിന്നാലെ 47ാം ഏകദിന സെഞ്ചുറിയും കോഹ്ലി സ്വന്തമാക്കി. സച്ചിന്റെ 49 ഏകദിന സെഞ്ചുറിക്ക് രണ്ടെണ്ണം പിറകിലാണ് കോഹ്ലി. ഇന്ന് 94 പന്തില്‍ നിന്ന് 122 റണ്‍സ് എടുത്ത് കോഹ്ലി പുറത്താവാതെ നിന്നിരുന്നു.