ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ -പാക് പോരാട്ടം
ചരിത്രം പരിശോധിച്ചാല്‍ ഏകദിനത്തില്‍ പാക്കിസ്താനെക്കാള്‍ മുന്‍തൂക്കം ഇന്ത്യയ്ക്കുണ്ട്.
കൊളംബോ: ഏഷ്യ കപ്പില്‍ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താന്‍ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തില്‍ മഴ വില്ലനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചരിത്രം പരിശോധിച്ചാല്‍ ഏകദിനത്തില്‍ പാക്കിസ്താനെക്കാള്‍ മുന്‍തൂക്കം ഇന്ത്യയ്ക്കുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ 14-ാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളില്‍ ഇന്ത്യ ഏഴിലും ജയിച്ചപ്പോള്‍ അഞ്ചില്‍ പാകിസ്താന്‍ വിജയിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യയും ബാബര്‍ അസമിന്റെ പാക്കിസ്താനും ഒരിക്കല്‍ കൂടി ഏറ്റുമുട്ടുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. പാക് പേസര്‍മാരും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരും തമ്മിലുള്ള പോരാട്ടം കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
രോഹിത് ശര്‍മ, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ബാറ്റിംഗിലെ ഇന്ത്യന്‍ ശക്തി. മധ്യനിരയില്‍ ഇഷാന്‍ കിഷനും കരുത്ത് പകരുന്നു. ശ്രേയസ് അയ്യരുടെയും ലോകേഷ് രാഹുലിന്റെയും തിരിച്ചുവരവ് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവാണ് മറ്റൊരു ആശ്വാസം. അതേസമയം ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ 238 റണ്‍സിന്റെ വമ്പന്‍ ജയം രേഖപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പാകിസ്താന്‍.