ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം തയ്യാര്‍; സഞ്ജു ബാക്കപ്പ്, രാഹുല്‍ തിരിച്ചെത്തി
ഇത്തവണ ഇന്ത്യയുടെ ആദ്യ പോരാട്ടം അടുത്ത മാസം രണ്ടിനു ചിരവൈരികളായ പാകിസ്താനെതിരേയാണ്.
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. സഞ്ജു സാംസണിനെ ബാക്കപ്പായി ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സര്‍പ്രൈസ് താരം യുവ ബാറ്റര്‍ തിലക് വര്‍മയാണ്. ടി20 സ്പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കു ഭേദമായ മുന്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിലേക്കു തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് തിലകിനു ഏഷ്യാ കപ്പില്‍ ഇടം നേടിക്കൊടുത്തത്. കന്നി പരമ്പരയില്‍ തന്നെ ഫിഫ്റ്റി കുറിച്ച അദ്ദേഹം ടീമിന്റെ ടോപ്സ്‌കോററുമായി മാറിയിരുന്നു. ടി20യില്‍ ഇന്ത്യക്കു വേണ്ടി ഏഴു ഇന്നിങ്സുകളില്‍ കളിച്ചു കഴിഞ്ഞെങ്കിലും ഏകദിനത്തില്‍ തിലക് ഇനിയും അരങ്ങേറിയിട്ടില്ല.
തിലകിനെ ടീമിലെടുത്തതൊഴിച്ചാല്‍ മറ്റു കാര്യമായ സര്‍പ്രൈസുകളൊന്നും ഇന്ത്യന്‍ ടീമില്‍ ഇല്ല.ബൗളിങ് നിരയില്‍ പരിക്കു ഭേദമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കൊപ്പം പ്രസിദ്ധ് കൃഷ്ണയും ടീമില്‍ ഇടം നേടി. സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനു പക്ഷെ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല.2018നു ശേഷം ആദ്യത്തെ ഏഷ്യാ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. അന്നു രോഹിത്തിനു കീഴിലായിരുന്നു ഇന്ത്യ ഏഷ്യയിലെ ചാംപ്യന്‍മാരായത്. കഴിഞ്ഞ വര്‍ഷം അവസാനമായി നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ നിരാശപ്പെടുത്തിയിരുന്നു.
ടി20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ പോലും കാണാതെ പുറത്താവുകയായിരുന്നു. സൂപ്പര്‍ ഫോറിലെ മൂന്നു കളിയില്‍ രണ്ടിലും തോറ്റാണ് രോഹിത്തും സംഘവും നാട്ടിലേക്കു മടങ്ങിയത്. ഇത്തവണ ഇന്ത്യയുടെ ആദ്യ പോരാട്ടം അടുത്ത മാസം രണ്ടിനു ചിരവൈരികളായ പാകിസ്താനെതിരേയാണ്.
ഇന്ത്യയുടെ 17 അംഗ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).