ക്രിക്കറ്റ് ചരിത്രത്തില്‍ ഏകദിന ഫോര്‍മാറ്റില്‍ ഒരു ഫൈനലിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ശ്രീലങ്ക നേടിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പകരം ചോദിക്കല്‍ കൂടിയാണിത്. കാരണം ഇത്രയും കാലം ഇന്ത്യയുടെ അക്കൗണ്ടിലായിരുന്നു ഈ മോശം റെക്കോര്‍ഡ്. അതും ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ തന്നെ. 2000 ചാംപ്യന്‍സ് ട്രോഫിയില്‍ ഷാര്‍ജയില്‍ നടന്ന ഫൈനലില്‍ ഇന്ത്യ 54ന് പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 26.3 ഓവറില്‍ 54ന് പുറത്താവുകയായിരുന്നു. ഇക്കാര്യത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്തും ശ്രീലങ്കയാണ്. 2002ല്‍ ഷാര്‍ജാ കപ്പില്‍ പാകിസ്ഥാനെതിരെ ശ്രീലങ്ക 78ന് പുറത്തായി. നമീബിയക്കെതിരെ 81 റണ്‍സിന് പുറത്തായ ഒമാനാണ് രണ്ടാമത്.
ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഒമ്പത് വര്‍ഷക്കാലം ബംഗ്ലാദേശിന്റെ പേരിലുണ്ടായിരുന്ന മോശം റെക്കോര്‍ഡാണ് ലങ്കയുടെ പേരിലായത്. 2014ല്‍ ബംഗ്ലാദേശ് 58 റണ്‍സിന് പുറത്തായിരുന്നു. 2005ല്‍ ഹരാരെയില്‍ സിംബാബ്വെ 65ന് പുറത്തായത് മൂന്നാമതായി.