നടരാജനും ഠാക്കൂറും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; രോഹിത്ത് വൈസ് ക്യാപ്റ്റന്‍
ഠാക്കൂര്‍ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 62 മല്‍സരങ്ങളില്‍ നിന്നായി 206 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
സിഡ്‌നി: ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷന്‍ ടി നടരാജന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലേക്കാണ് നടരാജന് നറുക്ക് വീണത്. നടരാജനൊപ്പം പേസര്‍ ശ്രാദുല്‍ ഠാക്കൂറും ടീമില്‍ ഇടം നേടി. പരിക്കേറ്റ ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും പകരമാണ് ഇരുവരെയും ടീമിലെടുത്തതെന്ന് ബിസിസിഐ അറിയിച്ചു. ടീമില്‍ തിരിച്ചെത്തിയ രോഹിത്ത് ശര്‍മ്മ ടീമിന്റെ വൈസ് ക്യാപ്റ്റനാവും. കഴിഞ്ഞ ടെസ്റ്റിലും ഠാക്കൂറിന് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി ഏകദിനത്തിലും ട്വന്റിയിലും അരങ്ങേറിയ നടരാജനോട് ടീമില്‍ തുടരാന്‍ നേരത്തെ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ശ്രാദുല്‍ ഠാക്കൂറിന്റെയും ആദ്യ ടെസ്റ്റാണ് സിഡ്‌നിയില്‍ നടക്കാനിരിക്കുന്നത്. 2018ല്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ അരങ്ങേറാന്‍ ഠാക്കൂറിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് താരം കളിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും 17 ട്വന്റി മല്‍സരം കളിച്ച ഠാക്കൂര്‍ മുംബൈയ്ക്ക് വേണ്ടി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 62 മല്‍സരങ്ങളില്‍ നിന്നായി 206 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിലെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ തമിഴ്‌നാടിന് വേണ്ടി ഒരു മല്‍സരം മാത്രമാണ് നടരാജന്‍ കളിച്ചത്. ഓസിസിനെതിരായ ഏകദിനത്തിലും ട്വന്റിയിലും മിന്നും പ്രകടനത്തോടെ അരങ്ങേറിയ നടരാജന്‍ ടെസ്റ്റിലും ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ്.