ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റന്‍, സെബാസ്റ്റ്യന്‍ ആന്റണി കോച്ച്
കൊച്ചി: കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റനെയും കോച്ചിനെയും പ്രഖ്യാപിച്ചു. ഐപിഎല്‍ താരവും പേസ് ബൗളറുമായ ബേസില്‍ തമ്പിയെ ടീം ക്യാപ്റ്റനായും രഞ്ജി ട്രോഫി താരം സെബാസ്റ്റ്യന്‍ ആന്റണിയെ മുഖ്യപരിശീലകനായും പ്രഖ്യാപിച്ചു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവയുടെ കുപ്പായമണിഞ്ഞ ബേസില്‍ തമ്പി തന്നെയാണ് ടീമിന്റെ ഐക്കണ്‍ സ്റ്റാറും. കേരളത്തിന് വേണ്ടി രഞ്ജി കളിച്ചിട്ടുള്ള ലെഫ്റ്റ് ഹാന്‍ഡ് ബാറ്ററായ സെബാസ്റ്റ്യന്‍ ആന്റണി 12 വര്‍ഷക്കാലം വിവിധ ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലെസി, ടീം ഉടമയും സിംഗിള്‍ ഐഡി ( single.ID) സ്ഥാപകനുമായ സുഭാഷ് മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ ടീമിന്റെ ലോഗോ ഔദ്യോഗികമായി പുറത്തിറക്കി. സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള യു.കെയിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഈ വര്‍ഷം മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഇന്റര്‍നാഷണല്‍ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.
കേരളത്തിലെ മികവുറ്റ കളിക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. രഞ്ജിതാരവും വിക്കറ്റ് കീപ്പറുമായ സിഎം ദീപക് ആണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ബൗളിങ് കോച്ച്- എസ് അനീഷ്, ഫിസിയോതെറാപ്പിസ്റ്റ്- സമീഷ് എ.ആര്‍, ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ്- ഗബ്രിയേല്‍ ബെന്‍ കുര്യന്‍, പെര്‍ഫോമന്‍സ് അനലിസ്റ്റ്- സജി സോമസുന്ദരം, ട്രെയിനര്‍- ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ്, ടീം കോഓര്‍ഡിനേറ്റര്‍- വിശ്വജിത്ത് രാധാകൃഷ്ണന്‍.