ബെംഗളൂരു ടെസ്റ്റില്‍ സര്‍ഫറാസിന് സെഞ്ചുറി; പന്തിന് ഫിഫ്റ്റി; മഴ തടസ്സപ്പെടുത്തി മല്‍സരം
ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ പൊരുതുന്നു. 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ന്യൂസീലന്‍ഡിനെതിരേ നാലാം ദിനം പിരിയുമ്പോള്‍ മൂന്നിന് 344 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ മഴ കളിതടസ്സപ്പെടുത്തിയിരിക്കുകയാണ്. കിവീസിന്റെ ഒന്നാം ഇന്നിങ്സ് ലീഡിനേക്കാള്‍ 12 റണ്‍സ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ. സര്‍ഫറാസ് ഖാന്റെ മികവിലാണ് ഇന്ത്യയുടെ പോരാട്ടം. സെഞ്ചുറി നേടിയ സര്‍ഫറാസ് 125* റണ്‍സുമായി ക്രീസിലുണ്ട്. അര്‍ധ സെഞ്ചുറി പിന്നിട്ട ഋഷഭ് പന്താണ് (53*) സര്‍ഫറാസിന് കൂട്ട്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 113 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
യശ്വസി ജയ്‌സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇവര്‍ 72 റണ്‍സ് നേടി. ജയ്സ്വാളിനെ അജാസ് പട്ടേലിന്റെ പന്തില്‍ കീപ്പര്‍ ടോം ബ്ലന്‍ഡല്‍ സ്റ്റമ്പ് ചെയ്തു. 63 പന്തില്‍ ഒരു സിക്സും എട്ടു ഫോറമുള്‍പ്പെടെ 52 റണ്‍സെടുത്ത രോഹിത് ശര്‍മ നിര്‍ഭാഗ്യകരമായി ഔട്ടായി. അജാസിന്റെ പന്ത് പ്രതിരോധിക്കുന്നതിനിടെ ബാറ്റില്‍ക്കൊണ്ട് നിലത്തുകുത്തിയശേഷം സ്റ്റമ്പില്‍ കൊള്ളുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയും സര്‍ഫറാസ് ഖാനും ചേര്‍ന്ന് 136 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ ട്രാക്കിലാക്കി. 57-റണ്‍സിലെത്തിയപ്പോള്‍ കോഹലിയുടെ ക്യാച്ച് സ്ലിപ്പില്‍ അജാസ് നഷ്ടപ്പെടുത്തിയിരുന്നു. ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തില്‍ കീപ്പര്‍ ടോം ബ്ലന്‍ഡലിന് ക്യാച്ച് നല്‍കി കോലി മടങ്ങിയതോടെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.