ലഖ്നൗ: മുംബൈയുടെ യുവ സൂപ്പര്‍ ബാറ്റര്‍ മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്ക്. ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനാണ്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ലഖ്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാനി കപ്പിനായി അസംഗഢില്‍ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെടുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ അഞ്ചോളം തവണ റോഡില്‍ മലക്കം മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. അപകട കാരണം വ്യക്തമല്ല. മുഷീര്‍, പിതാവ് സര്‍ഫറാസ് ഖാന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
പരിക്കിന്റെ തീവ്രതയനുസരിച്ച്, ഏകദേശം മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരും. അതിനാല്‍ ഇറാനി ട്രോഫി, രഞ്ജി ട്രോഫിയുടെ പ്രാരംഭ ഘട്ടം ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ നഷ്ടമായേക്കും. കഴിഞ്ഞ ഒരുവര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ മികവാര്‍ന്ന സെഞ്ചുറികളെക്കൊണ്ടും വെടിക്കെട്ടുകളെക്കൊണ്ടും ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താരങ്ങളില്‍ ഒരാളാണ് മുഷീര്‍. പരിക്ക് അദ്ദേഹത്തിന് വലിയ വെല്ലുവിളിയാകും.
അടുത്തിടെ നടന്ന ദുലീപ് ട്രോഫിയിലും ഇന്ത്യ ബി യ്ക്കായി ഈ പത്തൊന്‍പതുകാരന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ത്യ എ യ്ക്കെതിരേ 181 റണ്‍സാണ് താരം നേടിയത്. മുഷീറിന്റെ ഇന്നിങ്സ് ബലത്തില്‍ ടീം വിജയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ 15 ഇന്നിങ്സുകളില്‍നിന്നായി 716 റണ്‍സാണ് മുഷീറിന്റെ സമ്പാദ്യം. ഇതില്‍ മൂന്ന് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു.