മുംബൈ: ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സര്‍ഫറാസ് ഖാനെ ഐ പി എല്‍ ക്ലബ്ബുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. നേരത്തെ നടന്ന ലേലത്തില്‍ സര്‍ഫറാസ് ഖാനെ ആരും വാങ്ങിയിരുന്നില്ല. എന്നാല്‍ ഇന്ത്യക്കായി നല്ല പ്രകടനം കാഴ്ചവെച്ചതോടെ താരത്തെ സ്വന്തമാക്കാനായി മൂന്നോളം ക്ലബ്ബുകള്‍ രംഗത്ത് ഉള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍), ചെന്നൈ സൂപ്പര്‍ കിംഗ്സും (സിഎസ്‌കെ) ആണ് പ്രധാനമായി രംഗത്ത് ഉള്ളത്. ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയോട് സര്‍ഫറാസ് ഖാനെ പരിഗണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഒരു ടീമുമായും സര്‍ഫറാസ് കരാര്‍ ധാരണയില്‍ എത്തിയിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ തന്റെ ഇന്ത്യന്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ 62, 68* എന്നിങ്ങനെ രണ്ട് അര്‍ധ സെഞ്ചുറികളുമായി തിളങ്ങാന്‍ സര്‍ഫറാസിനായിരുന്നു. ഐപിഎല്‍ 2024 ലേലത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപിറ്റല്‍സ് അദ്ദേഹത്തെ റിലീസ് ചെയ്തിരുന്നു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ബാറ്ററെ വാങ്ങാന്‍ ആരും ഐ പി എല്‍ ലേലത്തില്‍ ശ്രമിച്ചതുമില്ല. ഐപിഎല്ലില്‍ ആകെ 50 മത്സരങ്ങള്‍ കളിച്ച സര്‍ഫറാസ് ആകെ 585 റണ്‍സ് മാത്രമെ നേടിയിട്ടുള്ളൂ.