ടീം ഉടച്ചു വാര്‍ത്തു; ഇംഗ്ലണ്ടിനെതിരേ ജയവുമായി പാകിസ്താന്‍; നോമന്‍ അലിക്ക് എട്ട് വിക്കറ്റ്

Update: 2024-10-18 14:18 GMT

മുള്‍ട്ടാന്‍: ടീം ഉടച്ചു വാര്‍ത്ത് പാകിസ്താന്‍ നടത്തിയ പരീക്ഷണം വിജയം കണ്ടു. ഇടവേളയ്ക്ക് ശേഷം ടീം ഒരു ടെസ്റ്റ് പോരാട്ടം സ്വന്തം മണ്ണില്‍ ജയിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് പാക് ടീം ജയിച്ചത്. ആദ്യ ടെസ്റ്റില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ടീം മിന്നും പ്രകടനവുമായാണ് രണ്ടാം ടെസ്റ്റ് സ്വന്തമാക്കിയത്.

പുതിയ സ്‌ക്വാഡുമായിറങ്ങിയ പാകിസ്താന്റെ പരീക്ഷണം ജയം കണ്ടു. 152 റണ്‍സിന്റെ ഗംഭീര വിജയമാണ് അവര്‍ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇതോടെ 1-1 എന്ന നിലയില്‍. സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരില്ലാതെയാണ് പാക് ടീം രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയത്. അവരില്ലെങ്കിലും വിജയിക്കാമെന്നു ടീമിന് തെളിയിക്കാന്‍ സാധിച്ചു.

ഇംഗ്ലണ്ടിനു മുന്നില്‍ 297 റണ്‍സ് ലക്ഷ്യം വച്ച പാക് ടീം അവരുടെ പോരാട്ടം വെറും 144 റണ്‍സില്‍ ഒതുക്കി. ഒന്നാം ഇന്നിങ്‌സില്‍ പാകിസ്താന്‍ 366 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 291 റണ്‍സില്‍ അവസാനിപ്പിച്ചു. 75 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ പാകിസ്താന്‍ 221 റണ്‍സില്‍ പുറത്തായെങ്കിലും പൊരുതാവുന്ന ലക്ഷ്യമാണ് അവര്‍ മുന്നില്‍ വച്ചത്.

വെറ്ററന്‍ താരം നോമാന്‍ അലി 8 വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് തകര്‍ച്ച വേഗത്തിലാക്കി. താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിങാണ് മുള്‍ട്ടാനില്‍ കണ്ടത്. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സാജിദ് ഖാനും നേടി. ഒന്നാം ഇന്നിങ്സില്‍ സാജിദ് 7 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. രണ്ടിന്നിങ്സിലുമായി 9 വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. 16.3 ഓവറില്‍ വെറും 46 റണ്‍സ് മാത്രം വഴങ്ങിയാണ് താരം 8 വിക്കറ്റുകള്‍ വീഴ്ത്തിയത്. രണ്ടിന്നിങ്‌സിലുമായി നോമാന്‍ 11 വിക്കറ്റുകള്‍ വീഴ്ത്തി.പാകിസ്താന് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ഈ രണ്ട് താരങ്ങള്‍ മാത്രമാണ് ബൗള്‍ ചെയ്തത്.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (37), ബ്രയ്ഡന്‍ കര്‍സ് (27), ഒലി പോപ്പ് (22), ജോ റൂട്ട് (18), ഹാരി ബ്രൂക് (16) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. രണ്ടാം ഇന്നിങ്‌സില്‍ സല്‍മാന്‍ ആഘയാണ് പാക് ടീമിന്റെ ടോപ് സ്‌കോററായത്. താരം അര്‍ധ സെഞ്ച്വറി (63) നേടി. സൗദ് ഷക്കീല്‍ (31), ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരന്‍ കമ്രാന്‍ ഗുലാം (26), മുഹമ്മദ് റിസ്വാന്‍ (23), സയം ആയൂബ്, സാജിദ് ഖാന്‍ (22) എന്നിവരും പൊരുതി.

നാല് വിക്കറ്റുകള്‍ വീഴ്ത്തി ഷൊയ്ബ് ബഷീര്‍ ഇംഗ്ലണ്ടിനായി ബൗളിങില്‍ തിളങ്ങി. ജാക്ക് ലീച് മൂന്ന് വിക്കറ്റുകളും ബ്രയ്ഡന്‍ കര്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. ശേഷിച്ച വിക്കറ്റ് മാത്യു പോട്ടിന്. നേരത്തെ ഇംഗ്ലണ്ടിനായി ബെന്‍ ഡുക്കറ്റ് സെഞ്ചുറി നേടിയതാണ് ഇംഗ്ലണ്ടിനു തുണയായത്. താരം 114 റണ്‍സെടുത്തു. ജോ റൂട്ട് (34), ഒലി പോപ്പ് (29), ജാക്ക് ലീച് (പുറത്താകാതെ 25) എന്നിവരും തിളങ്ങി.




Tags:    

Similar News