വാട്‌സണ്‍ അടിച്ചു; ചെന്നൈ വീണ്ടും വിജയവഴിയില്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ വിജയതീരത്തെത്തിയത്.

Update: 2019-04-23 18:47 GMT

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ വിജയതീരത്തെത്തിയത്. 175 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈ ഷെയ്ന്‍ വാട്‌സന്റെ തകര്‍പ്പന്‍ (96) ബാറ്റിങ് മികവില്‍ ലക്ഷ്യം നേടി. 53 പന്തില്‍ നിന്ന് നാല് ഫോറും ആറ് സിക്‌സും അടങ്ങുന്നതാണ് വാട്‌സന്റെ ഇന്നിങ്‌സ്. സെഞ്ചുറിക്ക് നാല് റണ്‍ അകലെ വച്ച് ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച് നല്‍കി വാട്‌സണ്‍ പുറത്താവുകയായിരുന്നു. സുരേഷ് റെയ്‌നയും (38), അമ്പാട്ടി റായിഡു(21)വും ചേര്‍ന്ന് പിന്നീട് സ്‌കോര്‍ ചലിപ്പിച്ചു. കേദാര്‍ ജാദവാണ് (11) ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഒരു പന്ത് ശേഷിക്കെയാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്ത് ചെന്നൈ ജയം സ്വന്തമാക്കിയത്. റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഹൈദരാബാദിന് വേണ്ടി ഓരോ വിക്കറ്റ്് വീതം വീഴ്ത്തി. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ചെന്നൈ തോറ്റിരുന്നു. ജയത്തോടെ ചെന്നൈ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

ടോസ് നേടിയ ചെന്നൈ സണ്‍റൈസേഴ്‌സിനെ ബാറ്റിങിനയക്കുകയായിരുന്നു. ടീമിലേക്ക് തിരിച്ചെത്തിയ മനീഷ് പാണ്ഡേയും(83), ഡേവിഡ് വാര്‍ണറും (57) ചേര്‍ന്നാണ് ഹൈദരാബാദ് ഇന്നിങ്‌സ് ഭേദപ്പെട്ടനിലയിലാക്കിയത്. വിജയ് ശങ്കര്‍ 26 റണ്‍സെടുത്തു. നിശ്ചിത ഓവറില്‍ ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ഹര്‍ഭജന്‍ സിങ് കിങ്‌സ് ഇലവനു വേണ്ടി രണ്ടു വിക്കറ്റ് നേടി. 

Tags:    

Similar News