ട്വന്റി-20 ലോകകപ്പില്‍ ഇന്ന് ക്ലാസ്സിക്കുകളുടെ ക്ലാസ്സിക്ക് ; ഇന്ത്യ-പാക് പോരാട്ടം ന്യൂയോര്‍ക്കില്‍

ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.

Update: 2024-06-09 02:42 GMT

ന്യൂയോര്‍ക്ക്: ട്വന്റി-20 ലോകകപ്പിലെ ക്ലാസ്സിക്ക് പോരാട്ടം ഇന്ന് ന്യൂയോര്‍ക്കില്‍. ന്യയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം രാവിലെ പത്തരക്ക് ആണ് മത്സരം തുടങ്ങുക. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.

2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി-20 ലോകകപ്പില്‍ മെല്‍ബണിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. അന്ന് ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ ജയിച്ചു കയറി. ഇന്ത്യയോട് തോറ്റെങ്കിലും പാകിസ്താന്‍ ഫൈനലിലെത്തി. ഇന്ത്യയാകട്ടെ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായി. ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ പാകിസ്താനും ക്യാപ്റ്റന്‍ ബാബര്‍ അസമും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ആദ്യ മത്സരത്തില്‍ അമേരിക്കയോടേറ്റ അപ്രതീക്ഷിത തോല്‍വി പാകിസ്താന് മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇനിയൊരു തോല്‍വി പാകിസ്താന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാകും. ഇന്ത്യ കഴിഞ്ഞാല്‍ അട്ടിമറി വീരന്‍മാരായ അയര്‍ലന്‍ഡും കാനഡയുമാണ് പാകിസ്താന്റെ എതിരാളികള്‍.

ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ നാലാം മത്സരമാണ് നാളെ നടക്കുന്നത്. പിച്ചിന്റെ പ്രവചനാതീത സ്വഭാവം കൊണ്ട് ഏറെ പഴികേട്ട ഗ്രൗണ്ടില്‍ ടോസ് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് കളികളിലും ടോസ് നേടിയ ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയും എതിരാളികളെ 100ല്‍ താഴെ സ്‌കോറില്‍ ഒതുക്കുകയും ചെയ്‌തെങ്കിലും ചേസിംഗും അത്ര എളുപ്പമായിരുന്നില്ല. ഇന്നലെ നടന്ന മത്സരത്തിലാകട്ടെ ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ 137 റണ്‍സടിച്ച് ഈ ഗ്രൗണ്ടില്‍ 100 പിന്നിടുന്ന ആദ്യ ടീമായി. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിനാകട്ടെ 20 ഓവറില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഇന്ത്യയില്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ലൈവ് സ്ട്രീമിംഗില്‍ ഡിസ്‌നി+ ഹോട്സ്റ്റാറിലൂടെയും മത്സരം കാണാനാകും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹോട്സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാന്‍ അവസരമുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പുറമെ ഡിഡി സ്‌പോര്‍ട്‌സിലും മത്സരത്തിന്റെ തത്സമയം സംപ്രേഷണമുണ്ടാകും.





Tags:    

Similar News