ക്രിക്കറ്റ് പരിശീലകന്‍ മനു കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയെന്ന് സംശയം; രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ എം. മനു പീഡിപ്പിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കേസില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ പറയുന്നു.
രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഗുരുതര ആരോപണങ്ങളാണ് മനുവിനെതിരെയുള്ളത്. മനു കുട്ടികള്‍ക്ക് മയക്കുമരുന്ന് നകിയതായി സംശയമുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവൈസുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കണം. കേസില്‍ മനു ഒറ്റയ്ക്കല്ല, ഇയാളുടെ സുഹൃത്തിലേക്കും കെ.സി.എയിലെ ജീവനക്കാരിലേക്കും അന്വേഷണം എത്തേണ്ടതുണ്ട്. നേരത്തെയുണ്ടായിരുന്ന കേസ് മനു പണംകൊടുത്ത് ഒതുക്കിയെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് മനു. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. ആറ് പരാതികളിലാണ് നിലവില്‍ മനുവിനെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ കൂടുതല്‍പേര്‍ പ്രതിക്കെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രതി നിലവില്‍ റിമാന്‍ഡിലാണ്.