കോഹ്‌ലിയുടെ കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണം വേദനാജനകം: ഇന്‍സമാമുല്‍ ഹഖ്
തീവ്രഹിന്ദുത്വ വാദികളാണ് മുഹമ്മദ് ഷമിക്ക് നേരെ ആക്രമണം നടത്തിയത്.
ദുബയ്: ലോകകപ്പിലെ തുടര്‍ച്ചയായ ഇന്ത്യന്‍ ടീമിന്റെ തോല്‍വിയെ തുടര്‍ന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മകള്‍ക്ക് നേരെയുണ്ടായ ഭീഷണി ഏറെ വേദനിപ്പിച്ചുവെന്ന് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖ്. ഇത്തരം ഭീഷണി ഉയര്‍ത്തുന്നവരെ വിമര്‍ശിച്ചുകൊണ്ടാണ് ഇന്‍സി തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്ത് വന്നത്. കോഹ്‌ലിയുടെ മകള്‍ക്ക് നേരെയുള്ള ഭീഷണി അതിരുവിട്ടതാണ്. താരങ്ങളുടെ പ്രകടനത്തെയും സെലക്ഷനെയും വിമര്‍ശിക്കാം. എന്നാല്‍ കുടുംബങ്ങള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ക്രിക്കറ്റ് ഒരു കായിക വിനോദമാണ്. എല്ലാ രാജ്യങ്ങളും കളിക്കുന്നു.ജയവും തോല്‍വിയും ഇതിന്റെ ഭാഗമാണ്. പാകിസ്താനെതിരായ തോല്‍വിക്ക് ശേഷം മുഹമ്മദ് ഷമിക്ക് നേരെയും സൈബര്‍ ആക്രമണമുണ്ടായത് നിരാശാജനകമാണെന്നും ഇന്‍സി പറഞ്ഞു.
കഴിഞ്ഞ ദിവസം ബാറ്റിങിനിടെ ഇന്ത്യന്‍ താരങ്ങള്‍ സ്‌ട്രൈക്ക് കൈമാറാന്‍ പ്രയാസപ്പെടുന്നത് താന്‍ ഞെട്ടലോടെയും വിഷമത്തോടെയുമാണ് കണ്ടെതെന്ന് ഇന്‍സി പറഞ്ഞു. കോഹ്‌ലി-അനുഷ്‌ക ദമ്പതികളുടെ മകള്‍ വാമിക്ക് നേരെ ബലാത്സംഗ ഭീഷണിയാണ് ഉയര്‍ന്നത്. ഷമിയെ പിന്തുണച്ചതുകൊണ്ടാണ് കോഹ്‌ലിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്.തീവ്രഹിന്ദുത്വ വാദികളാണ് മുഹമ്മദ് ഷമിക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയത്.