വനിത പ്രീമിയര്‍ ലീഗ്; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ എട്ട് വിക്കറ്റ് ജയം; ആര്‍സിബിക്ക് കന്നി കിരീടം
ന്യൂഡൽഹി: വനിത പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്. ഫൈനലിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപിച്ചാണ് ആദ്യ കിരീട നേട്ടം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് മുന്നോട്ടുവെച്ച 114 റൺസ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. 37 പന്തിൽ 35 റൺസെടുത്ത് പുറത്താകാതെ നിന്ന എല്ലിസ് പെറിയും 27 പന്തിൽ 32 റൺസെടുത്ത സോഫി ഡിവൈനും 39 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ഥാനയുമാണ് ബാംഗ്ലൂരിനെ ജയത്തിലേക്ക് നയിച്ചത്. റിച്ച ഘോഷ് 14 പന്തിൽ 17 റൺസെടുത്ത് പുറത്താകാതെനിന്നു. ഡൽഹിക്കായി ശിഖ പാണ്ഡെ, മലയാളി താരം മിന്നു മണി എന്നിവർ ഓരോ വിക്കറ്റ് നേടി. രണ്ടോവറിൽ 12 റൺസ് വഴങ്ങിയായിരുന്നു മിന്നുവിന്റെ വിക്കറ്റ് നേട്ടം.
നേരത്തെ തകർപ്പൻ തുടക്കത്തിന് ശേഷം ഡൽഹി നാടകീയമായി തകർന്നടിയുകയായിരുന്നു. ഓപണർമാരായ മേഗ് ലാന്നിങ്ങും ഷെഫാലി വർമയും ചേർന്ന് ആദ്യ വിക്കറ്റിൽ 7.1 ഓവറിൽ 64 റൺസ് അടിച്ചെടുത്ത ശേഷമായിരുന്നു ആതിഥേയരുടെ തകർച്ച. നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലും മൂന്ന് വിക്കറ്റ് നേടിയ സോഫീ മോലിന്യൂക്സും രണ്ട് വിക്കറ്റ് നേടിയ മലയാളി താരം ആശ ശോഭനയും ചേർന്നാണ് ഡൽഹി ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്.
27 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 44 റൺസടിച്ച ഷെഫാലി വർമയുടെ വിക്കറ്റാണ് ആദ്യം വീണത്. മോലിന്യൂക്സിന്റെ പന്തിൽ ജോർജിയ വരേഹം പിടികൂടുകയായിരുന്നു. ഇതോടെ കൂട്ടത്തകർച്ചയും തുടങ്ങി. തുടർന്നെത്തിയ ജമീമ റോഡ്രിഗസ്, ആലിസ് കാപ്സി എന്നിവരുടെ സ്റ്റമ്പുകൾ മോലിന്യൂക്സ് തെറിപ്പിച്ചു. ടീം സ്കോർ 74ൽ എത്തിയപ്പോൾ ക്യാപ്റ്റൻ മേഗ് ലാനിങ്ങും വീണു. മലയാളി താരം മിന്നു മണി മൂന്ന് പന്തിൽ അഞ്ച് റൺസെടുത്തും പുറത്തായി. മാറിസെയ്ൻ കാപ്പ് (8), ജെസ് ജൊനാസൻ (3), രാധ യാദവ് (12), അരുന്ധതി റെഡ്ഡി (10), ശിഖ പാണ്ഡെ (5 നോട്ടൗട്ട്), താനിയ ഭാട്ടിയ (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന.