വംശീയാധിക്ഷേപ ആരോപണം: ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ ബിബിസി ഷോയില്‍നിന്ന് ഒഴിവാക്കി

റഫീഖ് ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ഏഷ്യന്‍ കളിക്കാരോട് 'ടീമില്‍ കൂടുതലും നിങ്ങളാണ്, ഞങ്ങള്‍ ഇതിനെപ്പറ്റി കാര്യമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.' എന്ന് മൈക്കല്‍ വോണ്‍ പറഞ്ഞതായാണ് റഫീഖ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരാതിപ്പെട്ടത്.

Update: 2021-11-07 10:15 GMT

ലണ്ടന്‍: ഏഷ്യല്‍ കളിക്കാര്‍ക്കെതിരേ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ ബിബിസിയുടെ ഷോയില്‍നിന്ന് ഒഴിവാക്കി. ബിബിസി- 5 ലൈവിന്റെ 'ദ ടഫേഴ്‌സ് ആന്റ് വോണ്‍ ക്രിക്കറ്റ് ഷോ'യില്‍ 12 വര്‍ഷമായി ടെസ്റ്റ് മാച്ച് സ്‌പെഷ്യല്‍ അനലിസ്റ്റായി വോണ്‍ പ്രവര്‍ത്തിക്കുകയാണ്. തിങ്കളാഴ്ചത്തെ ഷോയില്‍ അദ്ദേഹം പ്രത്യക്ഷപ്പെടാതിരുന്നതോടെയാണ് അദ്ദേഹത്തെ പുറത്താക്കിയതായ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇംഗ്ലീഷ് താരം അസീം റഫീഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിന്‍മേലാണ് നടപടിയുണ്ടായിരിക്കുന്നത്.

2009ല്‍ യോര്‍ക്ക്‌ഷെയര്‍ ടീമില്‍ കളിക്കാരനായിരിക്കെ നോട്ടിങ്ഹാംഷെയറിനെതിരായ മല്‍സരത്തിന് മുമ്പാണ് വോണ്‍ ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതായാണ് ആരോപണം. റഫീഖ് ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ഏഷ്യന്‍ കളിക്കാരോട് 'ടീമില്‍ കൂടുതലും നിങ്ങളാണ്, ഞങ്ങള്‍ ഇതിനെപ്പറ്റി കാര്യമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.' എന്ന് മൈക്കല്‍ വോണ്‍ പറഞ്ഞതായാണ് റഫീഖ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരാതിപ്പെട്ടത്. തന്റെ കന്നി സീസണായ 2009ല്‍ നോട്ടിങ്ഹാംഷെയറിനെതിരായ മല്‍സരത്തിനിടെ റഫീഖ് ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വിവാദപരാമര്‍ശമുണ്ടായത്.

അതേസമയം, ആരോപണം പൂര്‍ണമായും നിഷേധിക്കുന്നതായി മൈക്കല്‍ വോണ്‍ പ്രതികരിച്ചു. ഈ റിപോര്‍ട്ട് തനിക്ക് കനത്ത പ്രഹരമായിരുന്നുവെന്ന് ഡെയ്‌ലി ടെലഗ്രാഫില്‍ എഴുതിയ കോളത്തില്‍ മൈക്കല്‍ വോണ്‍ പറയുന്നു. താന്‍ ഒരിക്കലും ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല എന്നുള്ളതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. എനിക്ക് മറയ്ക്കാന്‍ ഒന്നുമില്ല. 'യു ലോട്ട്' എന്ന അഭിപ്രായം ഒരിക്കലും സംഭവിച്ചിട്ടില്ല. 10 വര്‍ഷം മുമ്പ് പറഞ്ഞ വാക്കുകള്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്ന ആരും തെറ്റിദ്ധരിക്കപ്പെടും. തന്നെക്കുറിച്ച് ആ സമയത്ത് എന്തെങ്കിലും പറഞ്ഞതായി റഫീഖ് വിശ്വസിക്കുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ വിശ്വാസം മാത്രമാണ്.

താന്‍ ഇത്തരമൊരു വ്യക്തിയല്ലെന്ന് തെളിയിക്കാന്‍ അവസാനം വരെ പോരാടുമെന്നും വോണ്‍ പറഞ്ഞു. ക്ലബ്ബിലെ വംശീയത കാരണം ആത്മഹത്യയ്ക്ക് വരെ തുനിഞ്ഞിരുന്നു എന്ന് റഫീഖ് പറഞ്ഞതിനെത്തുടര്‍ന്ന് 2020ലാണ് യോര്‍ക്ക്‌ഷെയറിന്റെ അന്വേഷണം ആരംഭിച്ചത്. സപ്തംബറിലാണ് എംപിമാരുള്‍പ്പടെയുള്ളവരുടെ സമ്മര്‍ദ്ദം മൂലം യോര്‍ക്ക്‌ഷെയര്‍ സ്വതന്ത്ര റിപോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ പുറത്തുവിട്ടത്. അതില്‍ റഫീഖ് ഉന്നയിച്ച 43 ആരോപണങ്ങളില്‍ ഏഴെണ്ണം ശരിവച്ചു. റഫീഖിന്റെ പാകിസ്താന്‍ പൈതൃകം സംബന്ധിച്ച വംശീയ പദപ്രയോഗങ്ങള്‍ ക്ലബ് അംഗങ്ങള്‍ റഫീഖിനോട് പതിവായി ഉപയോഗിച്ചിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Tags:    

Similar News