ബോള്‍ ബോയില്‍ നിന്ന് പാക് ഇതിഹാസ ക്യാപ്റ്റനിലേക്കുള്ള ബാബറിന്റെ യാത്ര

റാങ്കിങില്‍ ട്വന്റി-20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് ഈ ലാഹോറുകാരന്‍.

Update: 2021-10-26 15:27 GMT

കറാച്ചി: 2007ല്‍ പാകിസ്ഥാനെതിരേ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഗ്രൗണ്ടിന് പുറത്തേക്ക് വീശിയടിക്കുന്ന പന്തുകള്‍ എടുക്കാന്‍ ഓടിയെത്തുന്ന ആ 14ാം വയസ്സുകാരന്റെ സ്വപ്‌നം പാക് ടീമിന് വേണ്ടി ബാറ്റേന്തുക. ലോകം അറിയുന്ന ക്രിക്കറ്റ് താരമാവുക എന്നതായിരുന്നു. ആ സ്വപ്‌നം പൂവണിഞ്ഞ സന്തോഷത്തിലാണ് പാക് ക്യാപ്റ്റന്‍. തന്റെ 27ാം വയസ്സില്‍ പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനും ക്യാപ്റ്റനുമാവാന്‍ ബാബര്‍ അസമിനായി. പാകിസ്ഥാന്റെ ഇതിഹാസ താരങ്ങളുടെ ഇടയിലേക്കാണ് 13 വര്‍ഷം കൊണ്ട് ബാബര്‍ കടന്നുവന്നത്.


ഏറെ ബുദ്ധിമുട്ടികള്‍ താണ്ടിയാണ് ബാബര്‍ പാക് നിരയുടെ നെടുംതൂണായത്. കരിയറില്‍ നിരവധി ഏറ്റകുറച്ചിലുകള്‍ വന്നെങ്കിലും പോരാടനുറച്ചായിരുന്നു ബാബറിന്റെ യാത്ര. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ബാബര്‍ പാകിസ്ഥാന്റെ മാത്രമല്ല. ലോക ക്രിക്കറ്റിലെ പുത്തന്‍ തലമുറയിലെ പ്രമുഖനായിരിക്കുകയാണ്. ലോകകപ്പില്‍ ഇന്ത്യയോട് ജയിക്കാന്‍ കഴിയാത്ത പാകിസ്ഥാന്റെ ദുഷ്‌പ്പേര് മാറ്റിയ നായകനാണ് ഇന്ന് ബാബര്‍. ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ എബി ഡിവില്ലിയേഴ്‌സാണ് തന്റെ റോള്‍ മോഡല്‍ എന്ന് താരം പറയുന്നു.


റാങ്കിങില്‍ ട്വന്റി-20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് ഈ ലാഹോറുകാരന്‍. ഏകദിനത്തിലും ബാബര്‍ തന്നെയാണ് ഒന്നാം റാങ്കിങില്‍.ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തിന്റെ റാങ്കിങ് ഏഴാമതാണ്. 2015ലാണ് ബാബര്‍ പാകിസ്ഥാന് വേണ്ടി ആദ്യമായി ഏകദിന ടീമില്‍ ഇടം നേടുന്നത്. 2016ല്‍ തന്നെ താരം ട്വന്റിയിലും ടെസ്റ്റ് ടീമിലും ഇടം നേടി. ട്വന്റിയില്‍ 62 മല്‍സരങ്ങളില്‍ നിന്നായി 2272 റണ്‍സ് താരത്തിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ 83 മല്‍സരങ്ങളില്‍ നിന്നായി 3985 റണ്‍സും ബാബര്‍ തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്.ടെസ്റ്റിലും താരം ഒട്ടും പിറകിലല്ല. 35 മല്‍സരങ്ങളില്‍ നിന്ന് 2362 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും താരം നമ്പര്‍ വണ്ണായി തിളങ്ങിയതോടെ 2020ല്‍ പിസിബി ബാബറിനെ പാക് ടീമിന്റെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനായി നിയമിക്കുയായിരുന്നു.




Tags:    

Similar News