ഇത് സിന്‍വാര്‍ സ്‌റ്റൈല്‍; ഗോള്‍ നേട്ടം ആഘോഷിച്ച് ഫലസ്തീനി ഫുട്‌ബോള്‍ താരം
കെയ്‌റോ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്ലിയും യുഎഇ ക്ലബ്ബ് അല്‍ ഐനും തമ്മിലുള്ള മല്‍സരത്തില്‍ ഗോള്‍ നേടിയ ഫലസ്തീന്‍ താരം വിസാം അബു അലിയുടെ ആഹ്ലാദപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. മല്‍സരം തുടങ്ങി 30 മിനിറ്റുകള്‍ക്ക് ശേഷമാണ് അല്‍ അഹ്ലി ടീമിനു വേണ്ടി വിസാം അലി ആദ്യ ഗോള്‍ നേടിയത്.ഗോള്‍ സ്‌കോര്‍ ചെയ്തതിന് ശേഷം മൈതാനത്തിന്റെ ഒരു മൂലയിലേക്ക് ഗോള്‍ നേട്ടം ആഘോഷിക്കാന്‍ ഓടുന്നത് കെയ്റോയിലെ സ്റ്റേഡിയത്തിലെ ആരാധകര്‍ ഒന്നടങ്കം നോക്കിനില്‍ക്കുകയായിരുന്നു. അവിടെ നിന്ന് ഒരു കസേര എടുത്ത് വിസാം അബു അലി കാലിന്‍ മേല്‍ കാല്‍ കയറ്റിവച്ച് ഇരുന്നു. ഈ ഇരുത്തം കണ്ട് ഫലസ്തീന്‍ ആരാധകര്‍ ആര്‍ത്ത് വിളിക്കുന്നുണ്ടായിരുന്നു യഹ്യാ സിന്‍വാറെന്ന്...
അതേ, ഇത് ഹമാസ് രാഷ്ട്രീയകാര്യ മേധാവിയായിരുന്ന യഹ്യാ സിന്‍വാര്‍ 2021ല്‍ ഇസ്രായേലി സൈന്യം ബോംബിട്ട് തകര്‍ത്ത വീട്ടില്‍ കസേരയില്‍ ഇരുന്നു എടുത്ത ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. യഹ്യാ സിന്‍വാറിന്റെ ഇരുത്തം അതേ പടിയാണ് വിസാം അബു അലി തന്റെ ആഘോഷത്തിനായി തിരഞ്ഞെടുത്തത്. മല്‍സരത്തില്‍ അല്‍ അഹ്ലി എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു.
ഇസ്രായേല്‍ സൈന്യം ഗസയില്‍ നടത്തിയ ആക്രമണത്തില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 16നാണ് യഹ്യാ സിന്‍വാര്‍ രക്തസാക്ഷിയായത്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആയിട്ടും കെട്ടിടത്തിനകത്തേക്ക് കയറിയ സയണിസ്റ്റ് സൈനിക ഡ്രോണിനെ അദ്ദേഹം വടികൊണ്ട് എറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതും ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറി.