ഓവല്‍: ഈ ലോകകപ്പില്‍ കറുത്ത കുതിരകളാവാന്‍ വെസ്റ്റ് ഇന്‍ഡീസും ഇറങ്ങുന്നു. ലോകകപ്പ് സാധ്യത അധികം കല്‍പ്പിക്കാത്ത വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ ഞെട്ടിക്കാന്‍ തന്നെയാണ് തീരുമാനം. കിരീട പ്രതീക്ഷ ഏറെയൊന്നുമില്ലാത്ത മുന്‍ ലോകചാംപ്യന്‍മാര്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങുന്നത്. ലോകകപ്പിന് മുമ്പുള്ള പരമ്പരകളില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ ഫോം കണ്ടെത്തിയത് ടീമിന് ഗുണം ചെയ്യും. കൂടാതെ ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്ന ഒരുപിടി താരങ്ങള്‍ക്ക് ഈ ലോകകപ്പ് ഒരു സ്വപ്‌നം കൂടിയാണ്. ക്രിസ് ഗെയ്ല്‍ , ആന്ദ്രേ റെസ്സല്‍ തുടങ്ങിയ വെടിക്കെട്ട് താരങ്ങള്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ഇവര്‍ രണ്ട് പേരും ടീമില്‍ നിന്ന് ലോകകപ്പോടെ വിരമിക്കും. ടീമില്‍ നിന്ന വിരമിച്ച ബ്രാവോയെ തിരികെ വിളിച്ചതും വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഗെയ്‌ലിനു നല്‍കിയതും വിന്‍ഡീസ് ടീമിന് പുതിയ ഊര്‍ജ്ജം നല്‍കുന്നു. ലോകകപ്പിലെ ടീമിന്റെ മുന്‍ പ്രകടനങ്ങള്‍ മികച്ചതാണ്. ആദ്യ രണ്ട് ലോകകപ്പിലെ വിജയകളായ വെസ്റ്റ്ഇന്‍ഡീസ് 1983ലെ ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ്. കൂടാതെ 1996ലെ സെമിഫൈനലിസ്റ്റുകളും 2007, 2011, 2015 എഡിഷനുകളിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളുമാണ്. ജാസ്ണ്‍ ഹോള്‍ഡറാണ് ടീമിന്റെ ക്യാപ്റ്റന്‍. ആഷ് ലി നഴ്‌സ്, ആന്ദ്രേ റസ്സല്‍, കാര്‍ലോസ് ബ്രേത്ത് വെയ്റ്റ്, ക്രിസ് ഗെയ്ല്‍, ബ്രാവോ, എവിന്‍ ലെവിസ്,ഫാബിന്‍ അലന്‍, കെമര്‍ റോച്ച്, നിക്കോളസ് പൂരന്‍ , ഒശാനേ തോമസ്, ഷായ് ഹോപ്പ്, ഷാനോന്‍ ഗബ്രിയേല്‍, ഷിമ്‌റോണ്‍ ഹെയ്റ്റമര്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവരടങ്ങിയതാണ് വിന്‍ഡീസ് ടീം.