രോഹിത്ത് യുഗം ജയത്തോടെ; വെസ്റ്റ്ഇന്‍ഡീസിനെതിരേ ആറ് വിക്കറ്റ് ജയം
ക്യാപ്റ്റന്‍ രോഹിത്ത് 60 റണ്‍സെടുത്ത് നിര്‍ണ്ണായക പ്രകടനം കാഴ്ചവച്ചു
അഹ്മദാബാദ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. പുതിയ ഏകദിന ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് കീഴില്‍ ഇന്ത്യ ആദ്യ ജയം നേടിയത് ആറ് വിക്കറ്റിനാണ്. 177 റണ്‍സിന്റെ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 28 ഓവറില്‍ ഇന്ത്യ മറികടന്നു.
ക്യാപ്റ്റന്‍ രോഹിത്ത് 60 റണ്‍സെടുത്ത് നിര്‍ണ്ണായക പ്രകടനം കാഴ്ചവച്ചു. സൂര്യകുമാര്‍ യാദവ് (34*), ദീപക് ഹുഡ (26*) എന്നിവരാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ 28 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(8), ഋഷഭ് പന്ത്(11) എന്നിവര്‍ക്ക് കാര്യമായ ഫോം കണ്ടെത്താനായില്ല.
ടോസ് നേടിയ ഇന്ത്യ സന്ദര്‍ശകരെ ബാറ്റിങിനയക്കുകയായിരുന്നു. 43.5 ഓവറില്‍ വെസ്റ്റ്ഇന്‍ഡീസ് 176 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചാഹല്‍ നാലും വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റ് നേടി.