ട്വന്റിയിലെ ഏറ്റവും വലിയ ജയവുമായി ഇന്ത്യ; കിവികള്‍ക്കെതിരേ പരമ്പര
ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ നാല് വിക്കറ്റ് നേടി
അഹ്‌മദാബാദ്: ട്വന്റി-20യിലെ ഏറ്റവും വലിയ ജയവുമായി ടീം ഇന്ത്യ. ന്യൂസിലന്റിനെതിരായ അവസാന ട്വന്റിയിലാണ് തകര്‍പ്പന്‍ ജയവും പരമ്പരയും ഇന്ത്യ സ്വന്തമാക്കിയത്. 168 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. നേരത്തെ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി മികവില്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനിറങ്ങിയ ന്യൂസിലന്റിനെ ഇന്ത്യ 12.1 ഓവറില്‍ 66 റണ്‍സിന് പുറത്താക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ നാല് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിഖ്, ശിവം മാവി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 35 റണ്‍സെടുത്ത മിച്ചല്‍ ബ്രേസ്‌വെല്‍ ആണ് സന്ദര്‍ശകരുടെ ടോപ് സ്‌കോര്‍.
നേരത്തെ 54 പന്തിലാണ് ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേടിയത്. 63 പന്തില്‍ ഏഴ് സിക്സും 12 ഫോറുമടക്കം 126 റണ്‍സെടുത്ത് താരം പുറത്താവാതെ നിന്നു. ട്വന്റിയിലെ ഉയര്‍ന്ന വ്യക്തി സ്‌കോറും ഗില്‍ തന്റെ പേരിലാക്കി. വിരാട് കോഹ്ലിയുടെ റെക്കോഡാണ് താരം തകര്‍ത്തത്. ഗില്ലിന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍(1) തുടര്‍ച്ചായ മൂന്നാം മല്‍സരത്തിലും നിരാശപ്പെടുത്തി. രാഹുല്‍ ത്രിപാഠി (44), സൂര്യ കുമാര്‍ യാദവ് (24), ഹാര്‍ദ്ദിക്ക് പാണ്ഡെ (30) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.