ട്വന്റിയില്‍ പിടിമുറിക്കി കിവികള്‍; ആദ്യ ട്വന്റിയില്‍ ഇന്ത്യയ്ക്ക് തോല്‍വി
ശുഭ്മാന്‍ ഗില്‍ (7), ഇഷാന്‍ കിഷന്‍(4), രാഹുല്‍ ത്രിപാഠി (0) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി.
റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര കൈവിട്ട ന്യൂസിലന്റ് ട്വന്റിയില്‍ പിടിമുറിക്കി. റാഞ്ചിയില്‍ ഇന്ന് നടന്ന ആദ്യ ട്വന്റി-20യില്‍ 21 റണ്‍സിന്റെ ജയമാണ് സന്ദര്‍ശകര്‍ നേടിയത്. 177 എന്ന ഭേദപ്പെട്ട ലക്ഷ്യം പിന്തുടരാന്‍ ഇന്ത്യയ്ക്കായില്ല. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്ത് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.
28 പന്തില്‍ 50 റണ്‍സെടുത്ത് വാഷിങ്ടണ്‍ സുന്ദറും 34 പന്തില്‍ 47 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവും പൊരുതിയെങ്കിലും രക്ഷയുണ്ടായില്ല. മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ ശുഭ്മാന്‍ ഗില്‍ (7), ഇഷാന്‍ കിഷന്‍(4), രാഹുല്‍ ത്രിപാഠി (0) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് 21 റണ്‍സെടുത്ത് പുറത്തായി.
ബ്രേസ്‌വെല്‍, സാന്റനര്‍, ഫെര്‍ഗൂസണ്‍ എന്നിവര്‍ ന്യൂസിലന്റിനായി രണ്ട് വീതം വിക്കറ്റെടുത്ത് മികവ് തെളിയിച്ചു. ടോസ് ലഭിച്ച ഇന്ത്യ കിവികളെ ബാറ്റിങിനയക്കുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തതൊഴിച്ചാല്‍ ഇന്ത്യന്‍ നിരയില്‍ നിന്ന് കാര്യമായ ബൗളിങ് പ്രകടനം ആരും നടത്തിയില്ല. കോണ്‍വെ (52), സാന്റനര്‍ (59) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടിയാണ് കിവികള്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.