കോഹ്‌ലിയുടെ സെഞ്ചുറി വിഫലം; ഇന്ത്യയ്ക്ക് തോല്‍വി

32 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയാണ് മൂന്നാം ഏകദിനം ഇന്ത്യ കൈവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ ഉയര്‍ത്തിയ 313 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 48.2 ഓവറില്‍ 281 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. കോഹ്‌ലി ഒറ്റയാനായി പൊരുതിയെങ്കിലും ഓസിസ് ബൗളിങ് നിരയ്ക്ക് മുന്നില്‍ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു.

Update: 2019-03-09 03:06 GMT

റാഞ്ചി: ക്യാപ്റ്റന്‍ കോഹ്‌ലി കരിയറിലെ 41 സെഞ്ചുറി നേടി റെക്കോഡിട്ടിട്ടും ഓസിസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 32 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയാണ് മൂന്നാം ഏകദിനം ഇന്ത്യ കൈവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ ഉയര്‍ത്തിയ 313 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 48.2 ഓവറില്‍ 281 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. കോഹ്‌ലി ഒറ്റയാനായി പൊരുതിയെങ്കിലും ഓസിസ് ബൗളിങ് നിരയ്ക്ക് മുന്നില്‍ ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. രോഹിത് ശര്‍മ(14), ശിഖര്‍ ധവാന്‍(1), അമ്പാട്ടി റായിഡു(1) എന്നിവര്‍ സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ പുറത്തായി. ഒരറ്റത്ത് ക്യാപ്റ്റന്‍ പൊരുതുമ്പോള്‍ മറുഭാഗത്ത് വിക്കറ്റുകള്‍ കൊഴിയുകയായിരുന്നു. 95 പന്തില്‍നിന്നാണ് കോഹ്‌ലി 123 റണ്‍സെടുത്തത്.

പരമ്പരയിലെ ക്യാപ്റ്റന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ജന്‍മനാട്ടില്‍ ഏറെയൊന്നും കാണിക്കാന്‍ വിക്കറ്റ് കീപ്പര്‍ ധോണിക്കായില്ല. 26 റണ്‍സെടുത്ത് അല്‍പ്പനേരം ക്രീസില്‍ നിന്നെങ്കിലും ആദം സാമ്പ ധോണിയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ജാദവും 26 റണ്‍സെടുത്ത് പൊരുതി നോക്കിയെങ്കിലും സാമ്പ എല്‍ബിയില്‍ കുടുക്കി പുറത്താക്കി. സ്‌കോര്‍ 219ല്‍ നില്‍ക്കെ സാമ്പ തന്നെ കോഹ്‌ലിയെ പുറത്താക്കി. പിന്നീട് വന്ന വിജയ് ശങ്കറു (32), രവീന്ദ്ര ജഡേജയും (24) പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും നതാന്‍ ലയോണും ജേ റിച്ചാര്‍ഡ്‌സണും യഥാക്രമം ഇരുവരെയും പുറത്താക്കി. കുല്‍ദീപ് യാദവ്(10), മുഹമ്മദ് ഷമി(8), ജസ്പ്രീത് ബുംറ(0) എന്നിവര്‍ക്കും ടീമിനായി കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. പാറ്റ് കുമ്മിന്‍സ്, ജേ റിച്ചാര്‍ഡ്‌സ്, ആഡം സാമ്പ എന്നിവര്‍ ഓസിസ് നിരയില്‍ മൂന്ന് വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യ സന്ദര്‍ശകരെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തു.

കരിയറിലെ ആദ്യ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജ(104), ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്(93), ഗ്ലെന്‍ മാക്‌സ് വെല്‍(47 ),എന്നിവരുടെ ഇന്നിങ്‌സാണ് കംഗാരുക്കള്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓസിസ് ബാറ്റ്‌സ്മാന്‍മാരുടെ പ്രഹരമേറ്റ് റണ്‍സ് വാരിക്കോരി നല്‍കിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഷമ്മി മൂന്ന് വിക്കറ്റെടുത്തു. ഷമി ഒരു വിക്കറ്റും നേടി. ആദ്യ രണ്ടു മല്‍സരങ്ങളില്‍ ജയിച്ച ഇന്ത്യയാണ് പരമ്പരയില്‍ മുന്നില്‍(2-1). ഇന്ത്യന്‍ സൈന്യത്തോടുള്ള ആദരസൂചകമായി പട്ടാളക്കാരുടെ തൊപ്പി ധരിച്ചാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്. 

Tags:    

Similar News