ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഇറങ്ങുന്നു; എതിരാളികള്‍ അട്ടിമറി വീരന്‍മാരായ അഫ്ഗാന്‍

Update: 2024-06-20 07:10 GMT

ബ്രിഡ്ജ്ടൗണ്‍: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്കായി ഇന്ത്യ ഇന്നിറങ്ങുന്നു. എതിരാളികളാവട്ടെ അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്ഥാനാണ്. കെന്‍സിങ്റ്റണ്‍ ഓവലില്‍ ആണ് മല്‍സരം. ഇന്ത്യയുടെ ഗ്രൂപ് മത്സരങ്ങള്‍ യു.എസിലായിരുന്നു. സൂപ്പര്‍ എട്ട് മത്സരങ്ങള്‍ വെസ്റ്റിന്‍ഡീസിലാണ് നടക്കുന്നത്. രാത്രി 7.30നാണ്‌ മല്‍സരം. ഗ്രൂപ് എയില്‍ യഥാക്രമം അയര്‍ലന്‍ഡിനെയും പാകിസ്താനെയും യു.എസിനെയും പരാജയപ്പെടുത്തി സൂപ്പര്‍ എട്ടില്‍ കടന്ന ഇന്ത്യക്ക് മഴമൂലം കാനഡക്കെതിരായ കളിയില്‍ പോയന്റ് പങ്കുവെക്കേണ്ടിവന്നു. അഫ്ഗാനുശേഷം ബംഗ്ലാദേശിനെയും ആസ്‌ട്രേലിയയെയുമാണ് രോഹിത് ശര്‍മക്കും സംഘത്തിനും നേരിടാനുള്ളത്.

ഗ്രൂപ് റൗണ്ടിലെ വിജയ ഇലവനെ ഇന്ത്യ നിലനിര്‍ത്തുമോ എന്നതാണ് പ്രധാന ചോദ്യം. നാലുവീതം സ്‌പെഷലിസ്റ്റ് ബാറ്റര്‍മാരെയും ഓള്‍ റൗണ്ടര്‍മാരെയും മൂന്ന് പേസര്‍മാരെയുമാണ് പരീക്ഷിച്ചത്. ബാറ്റര്‍മാരില്‍ വിരാട് കോഹ്ലി ഒഴികെയുള്ളവര്‍ ചുരുങ്ങിയത് ഒരു മത്സരത്തിലെങ്കിലും മികച്ച സംഭാവനയര്‍പ്പിച്ചു. ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡെ, രവീന്ദ്ര ജദേജ, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരെയാണ് ഇറക്കിയത്. ഹാര്‍ദിക്കും അക്ഷറും പ്രതീക്ഷ കാത്തു. പേസര്‍മാരില്‍ അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും മിന്നി. കോഹ്ലിയുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യുസ്വേന്ദ്ര ചാഹലിനും ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

കെന്‍സിങ്റ്റണ്‍ ഓവലിലെ പിച്ചില്‍ കുല്‍ദീപിനെ കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. അങ്ങനെയെങ്കില്‍ പേസര്‍ മുഹമ്മദ് സിറാജോ ദുബെയോ ബെഞ്ചിലിരിക്കേണ്ടിവരും. നിലവിലെ ഇലവനെ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. മികച്ച മൂന്ന് ജയങ്ങളുമായി സൂപ്പര്‍ എട്ടില്‍ കടന്ന അഫ്ഗാന്‍ നാലാം മത്സരത്തില്‍ വിന്‍ഡീസിനോട് ഏറ്റുവാങ്ങിയത് ദയനീയ തോല്‍വിയാണ്. കരുത്തരായ ന്യൂസിലന്‍ഡിനെ മറിച്ചിട്ട് അവര്‍ക്ക് പുറത്തേക്ക് വഴിയൊരുക്കിയിരുന്നു അഫ്ഗാന്‍. ബൗളിങ്ങാണ് റാഷിദ് ഖാന്‍ നയിക്കുന്ന സംഘത്തിന്റെ പ്രധാന ആയുധം.






Tags:    

Similar News