രോഹിത്തിന്റെ സെഞ്ചുറി പാഴായി; ആദ്യ ഏകദനിത്തില്‍ ഇന്ത്യക്ക് തോല്‍വി
ഹിറ്റ്മാന്‍ രോഹിത്ത് ശര്‍മ്മയുടെ സെഞ്ചുറിയും ഇന്ത്യയ്ക്ക് മുതല്‍കൂട്ടായില്ല.
സിഡ്‌നി: ചരിത്ര ടെസ്റ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ടീം ഇന്ത്യയ്ക്ക് ആസ്‌ത്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ അടിതെറ്റു. 34 റണ്‍സിനാണ് ആതിഥേയരോട് തോറ്റത്. ഹിറ്റ്മാന്‍ രോഹിത്ത് ശര്‍മ്മയുടെ സെഞ്ചുറിയും ഇന്ത്യയ്ക്ക് മുതല്‍കൂട്ടായില്ല. ഓസിസ് ഉയര്‍ത്തിയ 289 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രോഹിത് ശര്‍മ്മ(133)യും അര്‍ധ സെഞ്ചുറിയുമായി ധോണി(51)യും പൊരുതിയെങ്കിലും വിജയം കംഗാരുക്കള്‍ക്കൊപ്പമായിരുന്നു. ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. നാലു റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ശിഖര്‍ ധവാന്‍(0), കോഹ്‌ലി(3), അമ്പാട്ടി റായിഡു(0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീട് വന്ന ധോണിയും രോഹിത്തുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് വയ്പിച്ചത്. 110 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. രോഹിത്തിന്റെ 22ാം ഏകദിന സെഞ്ചുറിയാണ്. വാലറ്റ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ 29 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നാല് വിക്കറ്റെടുത്ത ജേ റിച്ചാര്‍ഡ്‌സണാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. ഓസിസിനു വേണ്ടി പീറ്റര്‍ ഹാന്‍സ്‌കോംമ്പ്(73), ഉസ്മാന്‍ ഖ്വാജ(59), ഷോണ്‍ മാര്‍ഷ്(54) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി. ഇന്ത്യയ്ക്കു വേണ്ടി ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റുകള്‍ നേടി.