ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് സഞ്ജു പുറത്ത്; ഡികെ, ബുംറ, ഹൂഡ ടീമില്‍
പേസ് അറ്റാക്കിന് ബുംറയ്‌ക്കൊപ്പം ഹര്‍ഷല്‍ പട്ടേലും തിളങ്ങും.
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അല്‍പ്പം മുമ്പ് ബിസിസിഐയാണ് ടീം പ്രഖ്യാപനം നടത്തിയത്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നാല് റിസേവ് താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷിച്ചത് പോലെ മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തി കൊണ്ടാണ് പ്രഖ്യാപനം. രോഹിത്ത് ശര്‍മ്മ തന്നെയാണ് ക്യാപ്റ്റന്‍. കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റന്‍. പരിക്ക് മാറിയ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
നീണ്ട ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തി മികവ് തെളിയിച്ച സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെയും ടീമില്‍ ഉള്‍പ്പെടുത്തി. ഋഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് ഡികെയുടെ സ്ഥാനം. ഏഷ്യാ കപ്പില്‍ സെഞ്ചുറിയുമായി തിരിച്ചുവരവ് നടത്തിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും ട്വന്റിയിലെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിലനിര്‍ത്തി. ഇന്ത്യയുടെ ലക്കി സ്റ്റാര്‍ ദീപക് ഹുഡയും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്കും സ്‌ക്വാഡിലുണ്ട്.
അശ്വിന്‍, അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, ദീപ്ക് ഹൂഡ എന്നിവരെയാണ് സ്പിന്‍ നിരയില്‍ ഉള്‍പ്പെടുത്തിയത്. പേസ് അറ്റാക്കിന് ബുംറയ്‌ക്കൊപ്പം ഹര്‍ഷല്‍ പട്ടേലും തിളങ്ങും.
ദീപക് ചാഹര്‍, മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി എന്നിവരാണ് സ്റ്റാന്റ് ബൈ താരങ്ങള്‍.
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെയും പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിലുള്ള ഭൂരിഭാഗം പേരും ഓസിസിനെതിരേ കളിക്കും. സ്റ്റാന്റ് ബൈ താരങ്ങളായ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവര്‍ ഓസിസിനെതിരായ സ്‌ക്വാഡില്‍ ഇടം നേടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി സ്‌ക്വാഡിനെയും ബിസിസിഐ പ്രഖ്യാപിച്ചു. അര്‍ഷദീപ് സിങ്, മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരാണ് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള താരങ്ങള്‍ക്ക് പുറമെ ടീമില്‍ ഇടം നേടിയവര്‍.