ട്വന്റി-20; ബാറ്റിങ് നിര തകര്‍ന്നു; ഇന്ത്യയ്ക്ക് തോല്‍വി
ശ്രേയസ്സ് അയ്യര്‍ (67) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്.
അഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. അഹ്മദാബാദില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. താരസമ്പന്നമായ ഇന്ത്യന്‍ നിരയ്ക്ക് ഇംഗ്ലണ്ടിനെതിരേ ഒരു തരത്തിലും മേല്‍ക്കോയ്മ നേടാന്‍ കഴിഞ്ഞില്ല. ഇന്ത്യ ഉയര്‍ത്തിയ 124 റണ്‍സ് പിന്‍തുടര്‍ന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15.3 ഓവറില്‍ 130 റണ്‍സ് നേടി ആദ്യ ജയം സ്വന്തമാക്കി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടാനെ ഇന്ത്യയ്ക്കായുള്ളൂ. ശ്രേയസ്സ് അയ്യര്‍ (67) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. 48 പന്തില്‍ നിന്നാണ് താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ കോഹ് ലി ഇന്നും ഡക്കായി. ധവാന്‍(4), രാഹുല്‍ (1), ശ്രാദ്ദുല്‍ ഠാക്കൂര്‍ (0) എന്നിവര്‍ക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. പന്ത് 21 ഉം ഹാര്‍ദ്ദിക്ക് പാണ്ഡെ 19 ഉം റണ്‍സ് നേടി.