വാങ്കഡെയില്‍ ബാറ്റിങ് വെടിക്കെട്ടുമായി കോഹ്‌ലിയും ശ്രേയസും; കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ
മുംബൈ: ഏകദിന ലോകകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. മുംബൈ, വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോഹ്‌ലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 397 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോഹ്‌ലിയുടെ പേരിലായി. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 49 സെഞ്ചുറികളെന്ന റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും സച്ചിനില്‍ (673) നിന്ന് കോഹ്‌ലി സ്വന്തമാക്കി. 711 റണ്‍സാണ് കോഹ്‌ലിയുടെ അക്കൗണ്ടില്‍.
എപ്പോഴത്തേയും പോലെ മികച്ച തുടക്കം നല്‍കിയ ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (29 പന്തില്‍ 47) മടങ്ങുന്നത്. രോഹിത്തിനെ സൗത്തി, കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ കൈകളിലെത്തിക്കുമ്പോള്‍ ഇന്ത്യ 8.2 ഓവറില്‍ 71 റണ്‍സ് നേടിയിരുന്നു. പിന്നാലെ കോഹ്‌ലി ക്രീസിലേക്ക്. കോഹ്‌ലി സൂക്ഷിച്ച് കളിച്ചപ്പോള്‍ ഗില്‍ ഒരറ്റത്ത് ആക്രമണം തുടര്‍ന്നു. എന്നാല്‍ അധികനേരം അദ്ദേഹത്തിന് ക്രീസില്‍ തുടരനായില്ല. മുംബൈയിലെ കനത്ത ചൂടില്‍ തളര്‍ന്ന ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. മടങ്ങുമ്പോള്‍ മൂന്ന് സിക്സും എട്ട് ഫോറും ഗില്‍ നേടിയിരുന്നു. പിന്നീട് അവസാന ഓവറില്‍ താരം ബാറ്റിംഗിനെത്തി ഒരു ന്ത് നേരിട്ടു.
വൈകാതെ കോഹ്‌ലി തന്റെ അമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കി. 113 പന്തുകള്‍ നേരിട്ട കോഹ്‌ലി 117 റണ്‍സാണ് ഒന്നാകെ നേടിയത്. രണ്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്സ്. 48-ാം ഓവറില്‍ ശ്രേയസ് അയ്യരും സെഞ്ചുറി പൂര്‍ത്തിയാക്കി. ശ്രേയസ് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. 70 പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് എട്ട് സിക്സും നാല് ഫോറും നേടി. 49-ാം ഓവറില്‍ ട്രന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കിയാണ് ശ്രേയസ് മടങ്ങുന്നത്. സൂര്യകുമാര്‍ യാദവ് (1) അവസാന ഓവറില്‍ മടങ്ങി. ഗില്ലിനൊപ്പം കെ എല്‍ രാഹുല്‍ (39) പുറത്താവാതെ നിന്നു. നേരത്തെ, നെതര്‍ലന്‍ഡ്സിനെതിരെ അവസാന ലീഗ് മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കക്കെതിരെ അവസാന മത്സരം ജയിച്ച ടീമില്‍ ന്യൂസിലന്‍ഡും മാറ്റം വരുത്തിയിട്ടില്ല.