ഫൈനല്‍ കൈവിട്ടു; ഇന്ത്യയുടെ മൂന്നാം കിരീടമെന്ന സ്വപ്‌നം പൊലിഞ്ഞു; ആറാം ലോക കിരീടവുമായി ഓസിസ്
അഹ്‌മദാബാദ്: ലോകകപ്പിലെ കിരീടഫേവറ്റുകളായ ഇന്ത്യ ഒടുവില്‍ അവസാന അങ്കത്തില്‍ വീണു. തുടര്‍ച്ചയായ 10 ജയങ്ങളുമായി ഫൈനലില്‍ എത്തിയ ഇന്ത്യയെ മെരുക്കി കെട്ടി ലോകകപ്പിലെ ആറാം കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ. മിന്നും ഫോമിലുള്ള ഇന്ത്യ ബാറ്റിങിലും ബൗളിങിലും പരാജയപ്പെട്ടതോടെ ആരാധകര്‍ക്ക് നരേന്ദ്ര മോദി സ്‌റ്റേഡിയം നല്‍കിയത് കണ്ണീരിന്റെ മുഹൂര്‍ത്തം. ആറ് വിക്കറ്റിന്റെ ജയമാണ് ഓസിസ് നേടിയത്. 241 എന്ന താരതമ്യേന ദുര്‍ബലമായ സ്‌കോര്‍ ഓസിസിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ബൗളിങിലെ ഇന്ത്യയുടെ പതിവ് തുരുപ്പ് ചീട്ട് ഷമിക്കും ഇന്ന് ഇന്ത്യയെ രക്ഷിക്കാനായില്ല. ട്രാവിസ് ഹെഡ് 137 റണ്‍സുമായി നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യയ്ക്ക് തോല്‍വി വഴങ്ങുകയെ രക്ഷ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യയ്ക്കായി ബുംറ രണ്ടും ഷമി, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഓസിസ് ബാറ്റിങ് തുടങ്ങി രണ്ടം ഓവറില്‍ തന്നെ മുഹമ്മദ് ഷമി കോഹ്‌ലിക്ക് ക്യാച്ച് നല്‍കി ഡേവിഡ് വാര്‍ണറെ (13) പുറത്താക്കി മികച്ച തുടക്കം നല്‍കിയിരുന്നു.തുടര്‍ന്ന് 4.3ാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ(15) രാഹുലിന് ക്യാച്ച് നല്‍കി ബുംറയും ഞെട്ടിച്ചു. തീര്‍ന്നില്ല ആറാം ഓവറില്‍ സ്മിത്തിനെ (4) ബുംറ എല്‍ബിയില്‍ കുരുക്കി. ഇതുവരെ ആയിരുന്നു. ഇന്ത്യയുടെ സന്തോഷത്തിന്റെ നിമിഷങ്ങള്‍. തുടര്‍ന്ന് കംഗാരുക്കളുടെ ഒരു വിക്കറ്റ് അനക്കാന്‍ ഇന്ത്യയ്ക്കായില്ല. ട്രാവിസ് ഹെഡ് ഒരു വശത്തും ലബുഷങ്കെ (58) മറ്റൊരു വശത്തും നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ സ്വപ്‌നം തകരുകയായിരുന്നു. ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 239ല്‍ എത്തി നില്‍ക്കെ ഹെഡ് പുറത്തായപ്പോഴേക്കും ഓസിസ് വിജയം ഉറപ്പിച്ചിരുന്നു. ഒടുവില്‍ 43ാം ഓവറില്‍ ഓസ്‌ട്രേലിയ അവരുടെ ആറാം കിരീടമെന്ന ലക്ഷ്യം നിറവേറ്റി. പിന്നീട് കാണാന്‍ കഴിഞ്ഞത് ഇന്ത്യന്‍ താരങ്ങളുടെ കണ്ണീരു നിരാശയും. രോഹിത്ത് ശര്‍മ്മയെന്ന ഇന്ത്യന്‍ ക്യാപ്റ്റന് കീഴില്‍ ലോക കിരീടം എന്ന സ്വപ്‌നം അവസാനിച്ചു.
നേരത്തെ ടോസ് നേടിയ ഓസിസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ലോകകപ്പില്‍ തോല്‍വി അറിയാതെ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ നിരയെ ലോകകപ്പ് ഫൈനലില്‍ 240ന് പിടിച്ചുകെട്ടി ഓസ്‌ട്രേലിയ. അഹ്‌മദാബാദിലെ 1,40,000 വരുന്ന കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകരുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ബൗളിങിന് മുന്നില്‍ മുന്‍നിര തകരുകയായിരുന്നു. ടോസ് ലഭിച്ച സന്ദര്‍ശകര്‍ ആതിഥേയരെ ബാറ്റിങിനയക്കുകയായിരുന്നു. തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു കംഗാരുക്കളുടെ ബൗളിങ് പ്രകടനം. കോഹ്‌ലി,രാഹുല്‍, രോഹിത്ത് എന്നിവര്‍ മാത്രമാണ് കംഗാരുക്കളെ പ്രതിരോധിച്ചത്.
ശുഭ്മാന്‍ ഗില്ലിനെ നാല് റണ്‍സിന് പുറത്താക്കി ആയിരുന്നു ഓസിസിന്റെ വിക്കറ്റ് വേട്ട. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ തനത് ശൈലിയില്‍ ആക്രമിച്ചു കളിച്ച് 47 റണ്‍സെടുത്ത് പുറത്തായി. പ്രതീക്ഷ പുലര്‍ത്തിയ കോഹ്‌ലി അര്‍ദ്ധസെഞ്ചുറി (54) നേടി പുറത്തായി. ശ്രേയസ് അയ്യര്‍ക്കും (4) കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീടുള്ള പ്രതീക്ഷ കെ എല്‍ രാഹുലില്‍ ആയിരുന്നു. 66 റണ്‍സെടുത്ത് രാഹുല്‍ പിടിച്ചുനിന്നെങ്കിലും താരവും സ്റ്റാര്‍ക്കിന്റെ പന്തില്‍ മടങ്ങി .ജഡേജയ്ക്കും (9), മുഹമ്മദ് ഷമിക്കും (6) പെട്ടെന്ന് പുറത്താവാനിയിരുന്നു യോഗം. സൂര്യകുമാര്‍ യാദവ് 18ഉം ക്രുനാല്‍ യാദവ് 10ഉം ബുംറ ഒരു റണ്‍സെടുമെടുത്ത് പുറത്തായി. ഒടുക്കം 50 ഓവറില്‍ 240 റണ്‍സുമായി ഇന്ത്യ മടങ്ങി. സ്റ്റാര്‍ക്ക് കംഗാരുക്കള്‍ക്കായി മൂന്നും ഹാസല്‍വുഡ്, കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മാക്‌സ് വെല്‍, സാംപ എന്നിവര്‍ ഓരോ വിക്കറ്റും നേടി.