ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതകള്‍; ക്രിക്കറ്റില്‍ സ്വര്‍ണം
ഇന്ത്യ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് തുടക്കത്തില്‍ തകര്‍ത്തടിച്ചാണ് ലങ്ക തുടങ്ങിയത്. ദീപ്തി ശര്‍മയുടെ ആദ്യ ഓവറില്‍ തന്നെ ലങ്ക 12 റണ്‍സടിച്ച് ഞെട്ടിച്ചെങ്കിലും രണ്ടാം ഓവറില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത പൂജ വസ്ട്രക്കര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. മൂന്നാം ഓവറില്‍ സഞ്ജീവനിയെ(1) പുറത്താക്കിയ ടിറ്റാസ് സാധുവാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അതേ ഓവരില്‍ വിഷമി ഗുണരത്‌നെയെ(0) കൂടി മടക്കി ടിറ്റാസ് ലങ്കക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.
പവര്‍ പ്ലേക്ക് മുമ്പ് ഭീഷണിയായ ചമരി അത്തപത്തുവിനെ(12) കൂടി ടിറ്റാസ് മടക്കിയതോടെ ലങ്കയുടെ ആവേശം കെട്ടു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ പൂജ വസ്ട്രക്കറെ മൂന്ന് ബൗണ്ടറിയടിച്ച് ഹസിനി പെരേര ഞെട്ടിച്ചെങ്കിലും ലങ്കയുടെ ജയത്തിലേക്ക് അത് മതിയായിരുന്നില്ല. പത്താം ഓവറില്‍ രാജേശ്വരി ഗെയ്ക്വാദിനെ സിക്‌സിനും ഫോറിനും പറത്തിയതിന് പിന്നാലെ ഹസിനി പെരേര(22 പന്തില്‍ 25) പുറത്തായതോടെ ലങ്കയുടെ പാളം തെറ്റി. അവസാന ഓവറില്‍ 25 റണ്‍സായിരുന്നു ലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. രാജേശ്വരി ഗെയ്ക്വാദിനെതിരെ റണ്‍സ് നേടാനെ ലങ്കക്കായുള്ളു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പതിനേഴാം ഓവറില്‍ 102-3 എന്ന ശക്തമായ നിലയിലായിരുന്നെങ്കിലും ഇന്ത്യക്ക് അവസാന മൂന്നോവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി 14 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജെമീമ റോഡ്രിഗസ് 42 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. പതിനഞ്ചാം ഓവറില്‍ സ്മൃതി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 89 റണ്‍സായിരുന്നു. എന്നാല്‍ സ്മൃതിക്ക് പിന്നാലെ വന്നവരാരും നിലയുറപ്പിക്കാതിരുന്നതോടെ ഇന്ത്യ 116ല്‍ ഒതുങ്ങി. ഇന്ത്യക്കായി ടിറ്റാസ് സാധു മൂന്നും രാജേശ്വരി ഗെയ്ക്വാദ് രണ്ടും വിക്കറ്റെടുത്തു.