ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി ഇന്ത്യന്‍ വനിതകള്‍
ഷൂട്ടിങ് വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗം ഫൈനല്‍ തുടങ്ങി.
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ ഒന്നാമതെത്തി. മനു ഭാകര്‍, ഇഷ സിങ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണത്തിലേക്ക് ഷൂട്ട് ചെയ്തത്.
1759 പോയിന്റോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ചൈന വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയ മനുവും 586 പോയിന്റ് നേടിയ ഇഷയും വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.നേരത്തെ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു. സിഫ്റ്റ് കൗര്‍ സംറ, ആഷി ഛൗക്‌സെ, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്. 1764 പോയിന്റോടെയാണ് ഇന്ത്യയുടെ മെഡല്‍നേട്ടം. ചൈന സ്വര്‍ണവും ദക്ഷിണ കൊറിയ വെങ്കലവും നേടി. ഇതേ ഇനത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ സിഫ്റ്റും ആഷി ഛൗക്‌സേയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.
നിലവില്‍ ഇന്ത്യക്ക് 16 മെഡലുകളാണുള്ളത്. നാല് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.സ്‌ക്വാഷ് പുരുഷന്‍മാരുടെ ടീം പൂള്‍ എയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ കുവൈത്തിനെ 3-0ത്തിന് തോല്‍പ്പിച്ചു.
ഷൂട്ടിങ് വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗം ഫൈനല്‍ തുടങ്ങി. ആദ്യ സ്റ്റേജില്‍ ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംറ ഒന്നാം സ്ഥാനത്ത്. തായ്‌ക്വോണ്ടോയില്‍ ശിവാന്‍ഷ് ത്യാഗിയും മാര്‍ഗരറ്റ് മരിയ റെജിയും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
നീന്തലില്‍ ഇന്ത്യക്ക് നിരാശ. പുരുഷന്‍മാരുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഹീറ്റ്സില്‍ ശ്രീഹരി നടരാജ് 10-ാമത്. വനിതകളുടെ 100 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ മാന പട്ടേല്‍ 13-ാമത്, ഫൈനല്‍ കാണാതെ പുറത്ത്. വനിതകളുടെ 100 മീറ്റര്‍ ബ്രസ്റ്റ്സ്ട്രോക്കില്‍ ലിനേഷയ്ക്കും ഫൈനലിലെത്താനായില്ല. ഹീറ്റ്സ് പൂര്‍ത്തിയായപ്പോള്‍ 18-ാം സ്ഥാനം മാത്രം. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ 14-ാമത് എത്തിയ നീന വെങ്കിടേഷും പുറത്ത്. സ്‌ക്വാഷ് വനിതാ ടീമിനത്തില്‍ പൂള്‍ ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ നേപ്പാളിനെ 3-0ത്തിന് തോല്‍പ്പിച്ചു.
ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ 469.6 പോയിന്റോടെ സിഫ്റ്റ് ഒന്നാമതെത്തി. ഇതോടെ കഴിഞ്ഞ മെയില്‍ ബാക്കുവില്‍ ബ്രിട്ടീഷ് താരം സിയോനൈദ് മക്കിന്റോഷ് സ്ഥാപിച്ച 467 പോയിന്റിന്റെ ലോകറെക്കോഡും സിഫ്റ്റ് മറികടന്നു. നേരത്തെ ഇതേ വിഭാഗത്തില്‍ ടീം ഇനത്തില്‍ സിഫ്റ്റ് വെള്ളി നേടിയിരുന്നു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ആഷി ഛൗക്‌സെയ്ക്ക് വെങ്കലം. ചൈനയുടെ സാങ്ങിനാണ് വെള്ളി. ആഷിയുടേയും രണ്ടാമത്തെ മെഡലാണിത്. നേരത്തെ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു.