ഐപിഎല്‍; കൊല്‍ക്കത്ത ഒന്നാം സ്ഥാനത്ത്; രാജസ്ഥാന് വീണ്ടും തോല്‍വി
രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലില്‍ ഒന്നാമതെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പിന്തള്ളിയാണ് കൊല്‍ക്കത്ത ഒന്നില്‍ എത്തിയത്.
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലില്‍ ഒന്നാമതെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പിന്തള്ളിയാണ് കൊല്‍ക്കത്ത ഒന്നില്‍ എത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 139 റണ്‍സ് 37 പന്തും എട്ട് വിക്കറ്റും കൈയിലിരിക്കെ കൊല്‍ക്കത്ത സ്വന്തമാക്കി.താരതാമ്യേന ചെറിയ സ്‌കോര്‍ ആയതിനാല്‍ കൊല്‍ക്കത്തയ്ക്ക് വിജയത്തിനായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. ക്രിസ് ലെയ്ന്‍ 50 ഉം സുനില്‍ നരേയ്ന്‍ 47 റണ്‍സുമായി കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് വന്ന റോബിന് ഉത്തപ്പയും (26), ശുഭ്മാന്‍ ഗിലും(6) ചേര്‍ന്ന് കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കി. കൊല്‍ക്കത്തയുടെ രണ്ട് വിക്കറ്റും രാജസ്ഥാന്റെ ശ്രേയസ് ഗോപാലിനാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തിയത്.
ടോസ് നേടിയ കൊല്‍ക്കത്ത രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ രാജസ്ഥാന്‍ 139 റണ്‍സെടുത്തു. ഹാരി ഗുര്‍നേ രണ്ടും പ്രസീത് കൃഷ്ണ ഒരു വിക്കറ്റും കൊല്‍ക്കത്തയ്ക്കായി നേടി. വിക്കറ്റുകള്‍ നേടിയില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കാതെ കൊല്‍ക്കത്ത ബൗളര്‍മാര്‍ രാജസ്ഥാനെ ചെറിയ സ്‌കോറില്‍ പൂട്ടുകയായിരുന്നു. പുറത്താവാതെ സ്റ്റീവ് സ്മിത്ത് 73 റണ്‍സെടുത്തു. സ്റ്റീവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്‌ലര്‍ 37 റണ്‍സെടുത്തു.അഞ്ച് മല്‍സരങ്ങളില്‍ രാജസ്ഥാന്‍ ഒന്നില്‍ മാത്രമാണ് ജയം നേടിയത്.