സഞ്ജു സാംസണ്‍ അര്‍ദ്ധസെഞ്ചുറി; രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

ടോസ് നേടിയ ചെന്നൈ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു.

Update: 2020-09-22 17:59 GMT

ഷാര്‍ജ: ബാംഗ്ലൂരിന് വേണ്ടി മലയാളിയായ ദേവ്ദത്ത് പടിക്കല്‍ കഴിഞ്ഞ ദിവസം അര്‍ദ്ധ സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ന് മറ്റൊരു മലയാളി താരമായ സഞ്ജു സാംസണും ദുബായില്‍ താരമായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 74 റണ്‍സാണ് സഞ്ജു നേടിയത്. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു സഞ്ജുവിന്റെ പ്രകടനം. 32 പന്തില്‍ നിന്ന് ഒമ്പത് സിക്‌സുകളുടെ അകമ്പടിയോടെയായിരുന്നു സഞ്ജുവിന്റെ മാസ്റ്റര്‍ ക്ലാസ്സ് പ്രകടനം. ചെന്നൈ ബൗളിങ് നിരയെ തലങ്ങും വിലങ്ങും അടിച്ചാണ് സഞ്ജു 74 റണ്‍സ് നേടിയത്. 19 പന്തില്‍ നിന്നാണ് താരം അര്‍ദ്ധശതകം നേടിയത്. 11.4 ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ദീപക് ചാഹറിന് ക്യാച്ച് നല്‍കിയാണ് സഞ്ജു ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ടോസ് നേടിയ ചെന്നൈ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. തുടക്കം തന്നെ യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റ് റോയല്‍സിന് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (47 പന്തില്‍ 69) സഞ്ജുവും (74) ചേര്‍ന്ന് രാജസ്ഥാന്‍ സ്‌കോര്‍ അതിവേഗത്തില്‍ ചലിപ്പിക്കുകയായിരുന്നു. ഇരുവരും പുറത്തായതിന് ശേഷം എത്തിയവര്‍ക്കാര്‍ക്കും സ്‌കോര്‍ 10ന് മുകളിലേക്ക് കടത്താനായില്ല. അവസാനം എത്തിയ ഇംഗ്ലണ്ട് താരം ജൊഫ്രാ ആര്‍ച്ചര്‍ 27 റണ്‍സ് അടിച്ചു കൂട്ടി സ്‌കോര്‍ 200 കടത്തുകയായിരുന്നു. എട്ട് പന്തില്‍ നാല് സികസര്‍ പറത്തിയാണ് ജൊഫ്രാ 27 റണ്‍സ് അടിച്ചെടുത്തത്.




Tags:    

Similar News