ഐപിഎല്‍; രാജസ്ഥാനെ പിടിച്ചുകെട്ടി നൈറ്റ് റൈഡേഴ്‌സ്; ജയം 37 റണ്‍സിന്
175 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാനെ നിശ്ചിത ഓവറില്‍ 137 റണ്‍സിന് കൊല്‍ക്കത്ത പുറത്താക്കുകയായിരുന്നു.
ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് ജയം. രാജസ്ഥാന്‍ റോയല്‍സിനെ 37 റണ്‍സിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത ടൂര്‍ണ്ണമെന്റിലെ രണ്ടാം ജയം നേടിയത്. 175 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാനെ നിശ്ചിത ഓവറില്‍ 137 റണ്‍സിന് കൊല്‍ക്കത്ത പുറത്താക്കുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 137 റണ്‍സ് എടുത്തത്. രാജസ്ഥാന്റെ ലീഗിലെ ആദ്യ തോല്‍വിയാണിത്. രാജസ്ഥാന്‍ റോയല്‍സിന്റെ പതിവ് വെടിക്കെട്ട് താരങ്ങള്‍ക്ക് ഇന്ന് ഫോം കണ്ടെത്താനായില്ല. മലയാളി താരം സഞ്ജു ് എട്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്റ്റീവ് സ്മിത്തും മൂന്ന് റണ്‍സെടുത്ത് പുറത്തായി. ജോസ് ബട്‌ലര്‍ 21 റണ്‍സെടുത്തെങ്കിലും പെട്ടെന്ന് മടങ്ങി. ഇതോടെ രാജസ്ഥാന്റെ തോല്‍വി ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് വന്ന റോബിന്‍ ഉത്തപ്പ(2), പരാഗ് (1), തെവാട്ടിയ (14) എന്നിവര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. പിന്നീടെത്തിയ ടോം കറന്‍ ആണ് റോയല്‍സ് സ്‌കോര്‍ ചലിപ്പിച്ചത്. 36 പന്തില്‍ താരം 54 റണ്‍സെടുത്തു. അവസാനം വരെ കറന്‍ പിടിച്ചു നിന്നെങ്കിലും മറുവശത്ത് തുടരാന്‍ മികച്ച ബാറ്റ്‌സ്മാന്‍ ഇല്ലാത്തത് രാജസ്ഥാന് തിരിച്ചടിയായി. ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി.
ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ (47), മോര്‍ഗന്‍ (34) എന്നിവര്‍ക്ക് മാത്രമാണ് കൊല്‍ക്കത്താ നിരയില്‍ തിളങ്ങാനായത്. റാണ 22 ഉം റസല്‍ 24 ഉം റണ്‍സെടുത്തു.