ഐപിഎല്‍; ഹര്‍ഷല്‍ ഹാട്രിക്കില്‍ മുംബൈ തകര്‍ന്ന് തരിപ്പണം
54 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ആര്‍സിബി നേടിയത്.
ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ച് വരവ് പ്രതീക്ഷ അസ്തമിക്കുന്നു.ഇന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കണ്ട മല്‍സരത്തില്‍ മുംബൈ തകര്‍ന്നു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയുമായി മുംബൈ പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ബാംഗ്ലൂര്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
54 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ആര്‍സിബി നേടിയത്. ഹാട്രിക്ക് അടക്കം നാല് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹലുമാണ് മുംബൈയെ തകര്‍ത്തത്.
166 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച മുംബൈയുടെ പ്രയാണം 18.1 ഓവറില്‍ 111 റണ്‍സില്‍ അവസാനിച്ചു. രോഹിത്ത് ശര്‍മ്മയും (43) ക്വിന്റണ്‍ ഡീ കോക്കും (24) മികച്ച തുടക്കമാണ് മുംബൈക്കായി നല്‍കിയത്. എന്നാല്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ക്യാപ്റ്റനും ചാഹലിന്റെ പന്തില്‍ ഡീ കോക്കും പുറത്തായതോടെ മുംബൈ തകര്‍ച്ച തുടങ്ങി. തുടര്‍ന്ന് വന്ന ഒരു താരത്തിനും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.
ടോസ് നേടിയ മുംബൈ ആര്‍സിബിയെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ കോഹ്‌ലിയും (51) മാക്‌സ്‌വെല്ലും (37 പന്തില്‍ 56)വെടിക്കെട്ട് ബാറ്റിങോടെയാണ് തുടങ്ങിയത്. ഇതിനിടയില്‍ ദേവ്ദത്ത് പടിക്കല്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ശ്രീകാര്‍ ഭരത് 32 റണ്ണുമായി തിളങ്ങി. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി.