ഋതുരാജും ഉത്തപ്പയും തുടക്കമിട്ടു; അവസാനം ധോണി വെടിക്കെട്ട് ; ഐപിഎല്ലില്‍ ചെന്നൈ ഫൈനലില്‍
നാല് വിക്കറ്റിന്റെ ജയമാണ് ചെന്നൈ നേടിയത്.
ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടന്ന ക്വാളിഫയര്‍ ഒന്നില്‍ നാല് വിക്കറ്റിന്റെ ജയമാണ് ചെന്നൈ നേടിയത്. 173 റണ്‍സ് ലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ നേടി. ക്യാപ്റ്റന്‍ ധോണിയുടെ അവസാന ഓവറുകളിലെ കിടിലന്‍ ബാറ്റിങാണ് ചെന്നൈക്ക് തുണയായത്. ആറ് പന്തില്‍ പുറത്താവാതെ ധോണി 18 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്.
ലീഗ് റൗണ്ടില്‍ രണ്ട് തവണ ഡല്‍ഹിക്ക് മുന്നില്‍ കീഴടങ്ങിയ ചെന്നൈയെ ഇന്നും അനായാസം തോല്‍പ്പിക്കാമെന്നാണ് ഋഷഭ് പന്തും കൂട്ടരും കരുതിയത്. എന്നാല്‍ ഋതുരാജ് ഗെയ്ക്ക് വാദും ഉത്തപ്പയും ചേര്‍ന്ന് തുടക്കം മുതലേ ബാറ്റിങ് വെടിക്കെട്ട് നടത്തിയിരുന്നു. 50 പന്തില്‍ ഗെയ്ക്ക് വാദ് 70 റണ്‍സാണ് നേടിയത്. റോബിന്‍ ഉത്തപ്പ 44 പന്തില്‍ 63 റണ്‍സും നേടി. ഇതിനിടെ ഫഫ് ഡു പ്ലിസ്സിസ് (1), ശ്രാദ്ദുല്‍ ഠാക്കൂര്‍ (0), അമ്പാട്ടി റായിഡു (1) എന്നിവരെയും ചെന്നൈക്ക് നഷ്ടമായി. പിന്നീട് വന്ന മോയിന്‍ അലിയും (12 പന്തില്‍ 16)ധോണിയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഡല്‍ഹിക്കായി ടോം കറന്‍ മൂന്നും ആവേശ് ഖാന്‍, നോര്‍ട്ട്‌ജെ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് ലഭിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 172 റണ്‍സ് നേടി. ഡല്‍ഹിയുടെ തുടക്കം അല്‍പ്പം തകര്‍ച്ചയില്‍ ആയിരുന്നു. ഒരു വശത്ത് ഓപ്പണര്‍ പൃഥ്വി ഷാ നടത്തിയ ചെറുത്ത് നില്‍പ്പാണ് ഡല്‍ഹിയെ പിടിച്ച് നിര്‍ത്തിയത്. 34 പന്തില്‍ പൃഥ്വി 60 റണ്‍സ് നേടി പുറത്തായി. സ്‌കോര്‍ ബോര്‍ഡില്‍ 36 റണ്‍സ് എത്തിനില്‍ക്കെ ശിഖര്‍ ധവാനെ(7) ഡല്‍ഹിക്ക് നഷ്ടമായി. തുടര്‍ന്ന് അയ്യരും(1) അക്‌സര്‍ പട്ടേലും (10) പെട്ടെന്ന് പുറത്തായി. ശേഷം ഋഷഭ് പന്തും ഹെറ്റ്‌മെയറുമാണ് (24 പന്തില്‍ 37) ഡല്‍ഹിയെ വീണ്ടും കരയ്‌ക്കെത്തിച്ചത്. ക്യാപ്റ്റന്‍ പന്ത് 35 പന്തില്‍ 51 റണ്‍സ് നേടി.