ഐപിഎല്‍; ഭരതും മാക്‌സ്‌വെല്ലും അടിച്ചെടുത്തു; ഡല്‍ഹിയെ വീഴ്ത്തി ബാംഗ്ലൂര്‍
20 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.
ദുബയ്: ഐപിഎല്ലിലെ അവസാന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂരിന്റെ ജയം. 165 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ആര്‍സിബി 20 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. കോഹ് ലിയും (4), പടിക്കലും (0) പെട്ടെന്ന് പുറത്തായിരുന്നു. ശ്രീകാന്ത് ഭരത് (78*), മാക്‌സ്‌വെല്‍(51) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് റോയല്‍സിന് അനായാസ ജയം ഒരുക്കിയത്. 52 പന്തിലാണ് ശ്രീകാന്തിന്റെ ഇന്നിങ്‌സ്. 33 പന്തിലാണ് മാക്‌സ്‌വെല്‍അര്‍ദ്ധസെഞ്ചുറി നേടിയത്.
ടോസ് ലഭിച്ച ബാംഗ്ലൂര്‍ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് ഡല്‍ഹി നേടിയത്. ധവാനും (48) പൃഥ്വി ഷായും (43) മികച്ച തുടക്കമാണ് ഡല്‍ഹിക്കായി നല്‍കിയത്. എന്നാല്‍ പിന്നീട് വന്നവരില്‍ ഹെറ്റ്‌മെയര്‍ (29) മാത്രമാണ് പിടിച്ചുനിന്നത്. ശ്രേയസ് അയ്യര്‍ 18 റണ്‍സെടുത്ത് പുറത്തായി. ആര്‍സിബിക്കായി മുഹമ്മദ് സിറാജ് രണ്ടും ചാഹല്‍, പട്ടേല്‍, ക്രിസ്റ്റ്യാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആര്‍സിബിയും ഡല്‍ഹിയും നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചതാണ്.