ഐ പി എല്‍; ജയം തുടര്‍ന്ന് ചെന്നൈ; കൊല്‍ക്കത്തയ്‌ക്കെതിരേ ആറ് വിക്കറ്റ് ജയം

ഇന്ന് നടന്ന മല്‍സരത്തില്‍ ചെന്നൈ ആറ് വിക്കറ്റിനാണ് ജയിച്ചത്.

Update: 2020-10-29 18:41 GMT


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫില്‍ കടക്കാനുള്ള ടീമുകളുടെ കടുത്ത പോരാട്ടം തുടരുന്നു. പ്ലേ ഓഫ് പ്രതീക്ഷയുള്ള കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ ചെന്നൈ സൂപ്പര്‍ കിങ്സ് തോല്‍പ്പിച്ചതോടെ അവരുടെ കാത്തിരിപ്പും നീളും. മറ്റ് ടീമുകളുടെ ജയം പരാജയങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യത.

ഇന്ന് നടന്ന മല്‍സരത്തില്‍ ചെന്നൈ ആറ് വിക്കറ്റിനാണ് ജയിച്ചത്. കൈയ്യെത്തും ദൂരത്താണ് കൊല്‍ക്കത്താ മല്‍സരം കൈവിട്ടത്. കൊല്‍ക്കത്ത മുന്നോട്ട് വച്ച 172 റണ്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ പിന്‍തുടര്‍ന്നു (178/4). ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയ്ക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. 53 പന്തില്‍ നിന്ന് ഋതുരാജ് 72 റണ്‍സെടുത്തു. അമ്പാട്ടി റായിഡുവും (38), രവീന്ദ്ര ജഡേജയും (31) തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. റായിഡു 20 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയപ്പോള്‍ ജഡേജ 11 പന്തില്‍ നിന്ന് 31 റണ്‍സും നേടി. ജഡേജയാണ് കൊല്‍ക്കത്തന്‍ പ്രതീക്ഷകള്‍ തകര്‍ക്കുന്ന വിധത്തില്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ചെന്നൈക്ക് ജയമൊരുക്കിയത്. അവസാന ഓവറിലെ അഞ്ചാമത്തെ പന്ത് സിക്‌സര്‍ പറത്തിയാണ് ജഡേജ ടീം സ്‌കോര്‍ തുല്യമാക്കിയത്. തുടര്‍ന്ന് അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് എന്ന നിലയിലാണ് ജഡേജ അടുത്ത സിക്‌സര്‍ ഇട്ട് മല്‍സരം അവസാനിപ്പിച്ചത്. ധോണി ഒരു റണ്‍സിന് പുറത്തായി. കൊല്‍ക്കത്തയുടെ ബൗളിങ് നിര പരാജയപ്പെട്ടതാണ് അവര്‍ക്ക് വിനയായത്.


നേരത്തെ ടോസ് ലഭിച്ച ചെന്നൈ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നിതീഷ് റാണയുടെ 87 റണ്‍സ് നേട്ടത്തിന്റെ ചുവട് പിടിച്ച് കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു.61 പന്ത് നേരിട്ട് നാല് സിക്സും 10 ഫോറും നേടിയാണ് റാണ 87 റണ്‍സ് നേടിയത്. റാണയ്ക്ക് പുറമെ ശുഭ്മാന്‍ ഗില്‍ (26), കാര്‍ത്തിക്ക് (21) എന്നിവരാണ് റൈഡേഴ്സ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയവര്‍.






Tags:    

Similar News