ഐപിഎല്‍; ചെന്നൈയ്ക്ക് ഡല്‍ഹിക്കെതിരേ ആറ് വിക്കറ്റ് ജയം

ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ധോണിയും സംഘവും തങ്ങളുടെ രണ്ടാം ജയം നേടിയത്. ഡല്‍ഹി ഉയര്‍ത്തിയ 147 റണ്‍സ് രണ്ട് പന്ത് ശേഷിക്കെ ചെന്നൈ സ്വന്തമാക്കി.

Update: 2019-03-26 18:48 GMT

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ചെന്നൈയ്ക്ക് തുടര്‍ച്ചയായ രണ്ടാംജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ധോണിയും സംഘവും തങ്ങളുടെ രണ്ടാം ജയം നേടിയത്. ഡല്‍ഹി ഉയര്‍ത്തിയ 147 റണ്‍സ് രണ്ട് പന്ത് ശേഷിക്കെ ചെന്നൈ സ്വന്തമാക്കി. വെറും നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ വിജയ തീരമണിഞ്ഞത്. ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണ്‍(44) തുടക്കം കുറിച്ച ഇന്നിങിസിനെ കൂട്ടിപിടിച്ച് കേദര്‍ ജാദവും ക്യാപ്റ്റന്‍ ധോണിയും ബാറ്റ് വീശിയപ്പോള്‍ ജയം ചെന്നൈക്കൊപ്പം. വാട്‌സണ്‍ 26 പന്തില്‍ നിന്ന് 44 റണ്‍സെടുത്തു. 16 പന്തില്‍ 30 റണ്‍സെടുത്ത സുരേഷ് റെയ്‌നയും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. തുടര്‍ന്ന് വന്ന ജാദവും(27) ധോണിയും(32) മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്‌സിന് ബലമുണ്ടാക്കി. 34 പന്തില്‍ നിന്നാണ് കേദര്‍ 27 റണ്‍സെടുത്തത്. 35 പന്തില്‍ നിന്നാണ് ധോണി പുറത്താവാതെ 32 റണ്‍സ് സ്‌കോര്‍ ചെയ്തത്.

ഡല്‍ഹിക്കുവേണ്ടി അമിത് മിശ്ര രണ്ടും ഇശാന്ത് ശര്‍മ്മ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ.ശിഖര്‍ ധവാനാണ്(51) ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥ്വിഷാ(24), ശ്രേയസ് അയ്യര്‍(18), റിഷഭ് പന്ത്(25) എന്നിവരാണ് ഡല്‍ഹിക്ക് വേണ്ടി രണ്ടക്കം കണ്ടവര്‍. മൂന്ന് വിക്കറ്റ് നേടിയ ഡ്വയിന്‍ ബ്രാവോയാണ് ഡല്‍ഹി ഇന്നിങ്‌സ് ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഇമ്രാന്‍ താഹിര്‍ , രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍ എന്നിവര്‍ ചെന്നൈയ്ക്ക് വേണ്ടി ഓരോ വിക്കറ്റും നേടി. സ്‌കോര്‍ ഡല്‍ഹി147/6 (20 ഓവര്‍). ചെന്നൈ150/ 4(19.4 ഓവര്‍).

Tags:    

Similar News