ഐ പി എല്‍; ധവാന്റെ സെഞ്ചുറി വിഫലം; പഞ്ചാബിന് അഞ്ചു വിക്കറ്റ് ജയം
പഞ്ചാബിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി എന്ന അപൂര്‍വ്വ റെക്കോഡ് നേടിയിട്ടും ധവാന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചത്. പഞ്ചാബിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഡല്‍ഹി ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നിക്കോളസ് പൂരന്‍, മാക്‌സ്‌വെല്‍, ക്രിസ് ഗെയ്ല്‍ എന്നിവരുടെ വെടിക്കെട്ട് മികവിലാണ് പഞ്ചാബ് ജയം കണ്ടെത്തിയത്. 28 പന്തില്‍ നിന്നാണ് പൂരന്‍ 53 റണ്‍സെടുത്തത്. 13 പന്തില്‍ നിന്നാണ് ഗെയ്ല്‍ 29 റണ്‍സ് നേടിയത്. 24 പന്തുകള്‍ നേരിട്ടാണ് മാക്‌സ് വെല്‍ 32 റണ്‍സെടുത്തത്. രാഹുല്‍ ഇന്ന് 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അഗര്‍വാള്‍ അഞ്ച് റണ്‍സെടുത്തും പുറത്തായി. ഹുഡാ(15), നീഷാം (10) എന്നിവര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി റബാദെ രണ്ട് വിക്കറ്റ് നേടി.
ടോസ് നേടിയ ഡല്‍ഹി ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ചുറി നേടിയ ധവാന്റെ മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 61 പന്തില്‍ നിന്നാണ് ധവാന്‍ 106 റണ്‍സെടുത്തത്. പൃഥ്വി ഷാ(7), അയ്യര്‍ (14), ഋഷഭ് പന്ത് (14), സ്റ്റോണിസ് (9), ഹെറ്റ്മയര്‍ (10) എന്നീ താരങ്ങള്‍ക്കൊന്നും ഇന്ന് ഫോം കണ്ടെത്താനായില്ല.