ഹാര്‍ദ്ദിക്ക് കൊടുങ്കാറ്റിനെ അതിജീവിച്ച് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്

Update: 2019-04-28 19:10 GMT

കൊല്‍ക്കത്ത: ഹാര്‍ദ്ദിക്ക് പാണ്ഡേയുടെ വെടിക്കെട്ട് ബാറ്റിങിന് സാക്ഷിയായ ഈഡന്‍ ഗാര്‍ഡനില്‍ വിജയം ആതിഥേയര്‍ക്ക്. ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. മുംബൈയെ 34 റണ്‍സിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. 233 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഹാര്‍ദ്ദിക്ക് പാണ്ഡേയുടെ കൂറ്റന്‍ ഇന്നിങ്‌സിനും മുംബൈയെ രക്ഷിക്കാനായില്ല. 34 പന്തില്‍ ഹാര്‍ദ്ദിക്ക് നേടിയത് 91 റണ്‍സാണ്. ഒമ്പത് സിക്‌സും ആറ് ഫോറും അടങ്ങിയതാണ് ഹാര്‍ദ്ദിക്കിന്റെ ഇന്നിങ്‌സ്. 8.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 58 എന്ന നിലയിലായിരുന്നു മുംബൈ. തുടര്‍ന്ന് ഹാര്‍ദ്ദിക്ക് പാണ്ഡേ ഒരറ്റത്ത് നിന്നും ടീമിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മല്‍സരം അവസാനിക്കാന്‍ ഒരോവര്‍ ബാക്കിയിരിക്കെ കൊല്‍ക്കത്ത താരം ആന്ദ്രേ റസ്സലിന് പിടിക്കൊടുത്ത് ഹാര്‍ദ്ദിക്ക് പുറത്താവുകയായിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഹാര്‍ദ്ദിക്കിന്റെ താളം കണ്ടെത്താന്‍ പിന്നീട് വന്നവര്‍ക്കായില്ല. ഹാര്‍ദ്ദിക്കിന്റെ സഹോദരന്‍ ക്രുനാല്‍ പാണ്ഡെ 24 ഉം സൂര്യകുമാര്‍ യാദവ് 26 ഉം പൊള്ളാര്‍ഡ് 20 ഉം റണ്‍സ് മുംബൈയ്ക്കായി നേടി. സുനില്‍ നരേയ്ന്‍, ഹാരി ഗുര്‍ണേ, ആ്രേന്ദ റസ്സല്‍ എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീതം നേടി. ടോസ് നേടിയ മുംബൈ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍(45 പന്തില്‍ 76), ക്രിസ് ലെയ്ന്‍(29 പന്തില്‍ 54), ആന്ദ്രേ റസ്സല്‍ (40ന്തില്‍ 80) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. നിശ്ചിത 20 ഓവറില്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു.

ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 16 റണ്‍സിന് തോല്‍പ്പിച്ചു. ജയത്തോടെ ഡല്‍ഹി ലീഗില്‍ ചെന്നൈയെ തോല്‍പ്പിച്ച് ഒന്നാമതെത്തുകയും പ്ലേ ഓഫിന് യോഗ്യത നേടുകയും ചെയ്തു. ഡല്‍ഹി ഉയര്‍ത്തിയ 187 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്ത് 20 ഓവറില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. 12 മല്‍സരത്തില്‍ നിന്ന് എട്ടും തോറ്റ ബാംഗ്ലൂര്‍ ലീഗില്‍ അവസാനക്കാരാണ്.



Similar News