ബുംറയ്ക്ക് നാല് വിക്കറ്റ്; രാജസ്ഥാനെതിരേ മുംബൈ ഇന്ത്യന്‍സിന് ജയം
194 റണ്‍സ് പിന്‍തുടര്‍ന്ന രാജസ്ഥാന്‍ 136 റണ്‍സിന് പുറത്തായി.
അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സ് ജയം. ജയത്തോടെ മുംബൈ ലീഗില്‍ ഒന്നാമതെത്തി. അബുദാബിയില്‍ നടന്ന മല്‍സരത്തില്‍ മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് പിന്‍തുടര്‍ന്ന രാജസ്ഥാന്‍ 136 റണ്‍സിന് പുറത്തായി. ടൂര്‍ണ്ണമെന്റിലെ രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ജസ്പ്രീത് ബുംറ മുംബൈയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി. ബോള്‍ട്ടും പാറ്റിന്‍സണും രണ്ട് വിക്കറ്റ് വീതം നേടി. മുംബൈ ബൗളിങ് നിര ഒരു പോലെ ഫോമിലേക്കുയര്‍ന്നപ്പോള്‍ ജയം അവര്‍ക്ക് അനായാസമായി.
തുടക്കത്തിലെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. രാജസ്ഥാന്‍് നിരയില്‍ ജോസ് ബട്‌ലര്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 44 പന്ത് നേരിട്ട താരം 70 റണ്‍സെടുത്തു. പാറ്റിന്‍സണ്‍ന്റെ പന്തില്‍ പൊള്ളാര്‍ഡിന് ക്യാച്ച് നല്‍കി ബട്‌ലര്‍ പുറത്തായി. ഇതോടെ രാജസ്ഥാന്‍ തകര്‍ച്ച പൂര്‍ണ്ണമായി. പിന്നീട് വന്ന സ്മിത്ത്(6), സഞ്ജു സാംസണ്‍(0), ലൊമറോര്‍(11), ടോം കറന്‍ (15), തേവാട്ടിയ(5 ) എന്നിവര്‍ക്കൊന്നും രാജസ്ഥാനെ കരകയറ്റാനായില്ല.ആര്‍ച്ചര്‍ 24 റണ്‍സെടുത്ത് പൊരുതി നോക്കിയെങ്കിലും 18.1 ഓവറില്‍ രാജസ്ഥാന്‍ പതനം പൂര്‍ത്തിയാവുകയായിരുന്നു.
ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് 193 റണ്‍സെടുത്തു. മുംബൈയുടെ ഇന്നത്തെ താരം സൂര്യകുമാര്‍ യാദവായിരുന്നു. 47 പന്തില്‍ 79 റണ്‍സെടുത്താണ് യാദവ് മുംബൈക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. ഡീ കോക്ക് (23), രോഹിത്ത് ശര്‍മ്മ(35), ഹാര്‍ദ്ദിക്ക് പാണ്ഡെ (30) എന്നിവരും മുംബൈക്കായി ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.