ഐ പി എല്‍; ഡിവില്ലിയേഴ്സ് വെടിക്കെട്ടില്‍ ബാംഗ്ലൂരിന് ജയം
എ ബി ഡിവില്ലിയേഴ്സിന്റെ മിന്നല്‍ പ്രകടനമാണ് ബാംഗ്ലൂരിന് അനായാസ ജയം നേടിക്കൊടുത്തത്.
ദുബായ്: ഐ പി എല്ലില്‍ ഇന്ന് നടന്ന റോയല്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന് റോയല്‍സ്് മുന്നോട്ട് വച്ച 177 റണ്‍സ് ലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ നേടി. എ ബി ഡിവില്ലിയേഴ്സിന്റെ മിന്നല്‍ പ്രകടനമാണ് ബാംഗ്ലൂരിന് അനായാസ ജയം നേടിക്കൊടുത്തത്. നാലാമാനായി ഇറങ്ങിയ ഡിവില്ലിയേഴ്സ് 22 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു. ആറ് സിക്സറുകള്‍ ഉള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്സ്. ആരോണ്‍ ഫിഞ്ചിന്റെ (14) പുറത്താകലിന് ശേഷം ദേവ്ദത്ത് പടിക്കലും (35), വിരാട് കോഹ്ലിയും (43) മികച്ച കൂട്ടുകെട്ടുണ്ടാക്കി. തുടര്‍ന്നാണ് ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട്.
ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. രാജസ്ഥാന് വേണ്ടി ഇന്ന് ഫോമിലായത് റോബിന് ഉത്തപ്പയും (41), സ്മിത്തുമാണ് (57). 22 പന്തില്‍ നിന്നാണ് ഉത്തപ്പയുടെ ഇന്നിങ്സ്. 36 പന്ത് നേരിട്ടാണ് സ്മിത്ത് 57 റണ്‍സെടുത്തത്. മലയാളി താരം സഞ്ജു സാംസണ് (9) ഈ മല്‍സരത്തിലും ഫോം കണ്ടെത്താനായില്ല. ബട്ലര്(24), തേവാട്ടിയ(19) എന്നിവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ബാംഗ്ലൂര്‍ താരം ക്രിസ് മോറിസിന്റെ നാല് വിക്കറ്റ് നേട്ടമാണ് രാജസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്.