ഐ പി എല്‍; റോയല്‍ ഫോമില്‍ ബാംഗ്ലൂരിന് ജയം
ഇന്ന് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ 82 റണ്‍സിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്.
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയകുതിപ്പ് തുടരുന്നു. ഇന്ന് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ 82 റണ്‍സിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്.195 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്തയെ ബാംഗ്ലൂര്‍ 112 റണ്‍സിന് പുറത്താക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. മോറിസ്, സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സെയ്നി, സിറാജ്, ചാഹല്‍, ഉദാന എന്നിവര്‍ ഓരോ വിക്കറ്റും ബാംഗ്ലൂരിനായി വീഴ്ത്തി. ശുഭ്മാന്‍ ഗില്‍ ഒഴികെ മറ്റൊരു താരത്തിനും ബാംഗ്ലൂരിന് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. റസ്സല്‍, ത്രിപാട്ടി എന്നിവര്‍ 16 റണ്‍സ് വീതമെടുത്തപ്പോള്‍ ബാക്കിയുള്ള താരങ്ങള്‍ക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.
ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 194 റണ്‍സെടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ചും (47), ദേവ്ദത്ത് പടിക്കലും (32) ബാംഗ്ലൂരിനായി മികച്ച തുടക്കം നല്കി. ഇരുവരും പുറത്തായതിന് ശേഷമെത്തിയ കോഹ്ലിയും (33*), ഡിവില്ലിയേഴ്സും (73*) നിലയുറപ്പിച്ചതോടെ ബാംഗ്ലൂര്‍ കൂറ്റന്‍ സ്കോര്‍ നേടി. 33 പന്തില്‍ നിന്ന് ആറ് സിക്സറുകളുടെ അകമ്പടിയോടെയാണ് ഡിവില്ലിയേഴ്സ് 73 റണ്‍സിന്റെ വെടിക്കെട്ട് നടത്തിയത്.