ഐ പി എല്‍; ഡല്‍ഹിക്ക് വീണ്ടും തോല്‍വി; മുംബൈ ഒന്നാമത്
ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സ് ലക്ഷ്യം 34 പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു.
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സാണ് ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ത്തത്.പ്ലേ ഓഫില്‍ കയറണമെങ്കില്‍ ഡല്‍ഹിക്ക് അടുത്ത മല്‍സരങ്ങള്‍ ജയിക്കുകയും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കുകയും വേണം. ജയത്തോടെ മുംബൈ ലീഗില്‍ ഒന്നാമത് തുടരും. ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സ് ലക്ഷ്യം 34 പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു. ഇഷന്‍ കിഷനാണ് മുംബൈ ഇന്ത്യന്‍സിന് ജയം അനായാസമാക്കിയത്.47 പന്തില്‍ നിന്ന് ഇഷന്‍ 72* റണ്‍സെടുത്തു. ക്വിന്റണ്‍ ഡീകോക്കി(26)ന്റെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. സൂര്യകുമാര്‍ യാദവ് 12* റണ്‍സെടുത്തു.
ടോസ് ലഭിച്ച മുംബൈ ഡല്‍ഹിക്ക് ബാറ്റിങ് നല്‍കുകയായിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുക്കാനെ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ. ട്രെന്റ് ബോള്‍ട്ടും ജസ്പ്രീത് ബുംറയും ചേര്‍ന്ന് ഡല്‍ഹി ബാറ്റിങിന്റെ നടുവൊടുക്കുകയായിരുന്നു. ഇരുവരും മൂന്ന് വീതം വിക്കറ്റ് നേടി. ശ്രേയസ് അയ്യരും(25) ഋഷഭ് പന്തും (21) ആണ് ഡല്‍ഹി നിരയിലെ ടോപ് സ്‌കോറര്‍മാര്‍.