കേരള ട്വന്റി-20 ലീഗ്: സഞ്ജുവിന്റെ ടീമിനെ നയിക്കാന്‍ സച്ചിന്‍ ബേബി
60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക.
കൊച്ചി: പിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് ലീഗുമായി കേരള ക്രിക്കറ്റ് ആസോസിയേഷന്‍ എത്തുകയാണ്. മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ആറ് ടീമുകള്‍ അണിനിരക്കുന്ന ടി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ സെപ്റ്റംബര്‍ രണ്ടുമുതല്‍ 19 വരെ തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്.
ടൂര്‍ണമെന്റിനായുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ സജീവമാകവെ പല പ്രമുഖരും ടീമുകളെ ഇറക്കാന്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ് വിവരം. ലേലത്തിലൂടെയാവും താരങ്ങളെ തിരഞ്ഞെടുക്കാന്‍ സാധിക്കുക. മറ്റ് സംസ്ഥാനങ്ങളിലെ യുവതാരങ്ങളേയും പരിഗണിച്ചാവും ലേലം നടക്കുകയെന്നാണ് വിവരം.
സഞ്ജു സാംസണിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയും ടീമിനെ ഇറക്കുന്നുണ്ടെന്നാണ് അറിയുന്നത്. സീനിയര്‍ താരം സച്ചിന്‍ ബേബിയെയാവും സഞ്ജു നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത. സഞ്ജുവുമായി അടുത്ത സൗഹൃദം സച്ചിനുണ്ട്. കേരളത്തിനായി നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ ഐപിഎല്ലിലും കളിച്ചിട്ടുള്ള താരമാണ്.
60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട് മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക. നടന്‍ മോഹന്‍ലാലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍. മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതല്‍ പ്രചാരം കിട്ടുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്.