മലയാളി താരം മിന്നു മണിക്ക് ഇന്ന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം; മല്‍സരം ബംഗ്ലാദേശിനെതിരേ
ദേശീയ ടീമിനൊപ്പമുള്ള പരിശീലനം വ്യത്യസ്ത അനുഭവമായിരുന്നു. നല്ല ആത്മവിശ്വാസം തോന്നുന്നു..'' മിന്നു മണി
മിര്‍പുര്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് നടന്ന് കയറാന്‍ വയനാട്ടില്‍ നിന്നുള്ള മിന്നു മണി. ബംഗ്ലദേശിനെതിരായ ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ ട്വന്റിയില്‍ ഇന്ന് മിന്നു മണി അരങ്ങേറ്റം കുറിച്ചേക്കും. മത്സരം ഇന്ന് മിര്‍പുരില്‍ നടക്കുമ്പോള്‍ കേരളത്തിന്റെ സ്വന്തം ഓള്‍റൗണ്ടര്‍ മിന്നു മണി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.
പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചാല്‍ ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ കേരള താരം എന്ന റെക്കോര്‍ഡ് ഈ ഇരുപത്തിനാലുകാരിയുടെ പേരിലാകും. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ മിന്നു, ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ട്വന്റി20ക്കു പുറമേ 3 ഏകദിന മത്സരങ്ങളും ബംഗ്ലദേശ് പര്യടനത്തില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ നടന്ന ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യ ട്വന്റി20 പരമ്പരയാണിത്. ഉച്ചയ്ക്ക് 1.30 മുതല്‍ ഫാന്‍ കോഡ് ആപ്പില്‍ തത്സമയം കാണാം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ മിന്നു മണിക്ക് പുറമേ, വിക്കറ്റ് കീപ്പര്‍ ഉമ ഛേത്രി, ബോളര്‍മാരായ അനുഷ റെഡ്ഢി, റാഷി കനോജിയ എന്നീ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലന സെഷന്‍ എല്ലാം നല്ല രീതിയില്‍ കഴിഞ്ഞു. ദേശീയ ടീമിനൊപ്പമുള്ള പരിശീലനം വ്യത്യസ്ത അനുഭവമായിരുന്നു. നല്ല ആത്മവിശ്വാസം തോന്നുന്നു..'' മിന്നു മണി പറഞ്ഞു.