മെല്‍ബണ്‍ ടെസ്റ്റ്: ഓസീസിനെതിരേ ഇന്ത്യന്‍ ജയം രണ്ടുവിക്കറ്റ് അകലെ
141 റണ്‍സ് പിന്നിലുള്ള ഓസിസിന്റെ രണ്ടുവിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ ഇന്ത്യയ്ക്കു ജയം കൈപിടിയിലൊതുക്കാം.
മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനു തൊട്ടടുത്ത്. നാലാംദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയിലാണ്. 141 റണ്‍സ് പിന്നിലുള്ള ഓസിസിന്റെ രണ്ടുവിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ ഇന്ത്യയ്ക്കു ജയം കൈപിടിയിലൊതുക്കാം. നേരത്തേ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ എട്ടു വിക്കറ്റിനു 106 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വാലറ്റം അപ്രതീക്ഷിത ചെറുത്തുനില്‍പാണു നടത്തുന്നത്.
61 റണ്‍സോടെ പാറ്റ് കമ്മിന്‍സും ആറ് റണ്‍സോടെ നാഥന്‍ ലിയോണുമാണ് ക്രീസില്‍. നേരത്തേ മര്‍ക്കസ് ഹാരിസ്(27), ആരോണ്‍ ഫിഞ്ച്(3), ഉസ്മാന്‍ ഖവാജ(33), ഷോണ്‍ മാര്‍ഷ്(44), മിച്ചല്‍ മാര്‍ഷ്(10), ട്രാവിസ് ഹെഡ്(34), ടിം പെയ്ന്‍(26), മിച്ചല്‍ സ്റ്റാര്‍ക്(18) എന്നിവരാണ് ഓസീസ് സ്‌കോര്‍ ഈ നിലയിലെത്തിച്ചത്. ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവര്‍ രണ്ടുവീതവും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി. മെല്‍ബണില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ 17ാം സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. കന്നി ടെസ്റ്റ് താരം മായങ്ക് അഗര്‍വാള്‍, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ അര്‍ധസെഞ്ചുറികളും കരുത്തേകി. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 151 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.