ട്വന്റി-20 ലോകകപ്പില്‍നിന്ന് ന്യൂസിലന്റ് പുറത്ത്; അഫ്ഗാനിസ്താന്‍ സൂപ്പര്‍ എട്ടില്‍
ട്രിനിഡാഡ്: ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് സിയില്‍ പാപ്പുവ ന്യൂഗിനിക്കെതിരേ ആധികാരിക ജയംനേടി അഫ്ഗാനിസ്താന്‍. ഇതോടെ ഗ്രൂപ്പില്‍നിന്ന് വെസ്റ്റ് ഇന്‍ഡീസിനു പിന്നാലെ അഫ്ഗാനിസ്താനും സൂപ്പര്‍ എട്ട് ഉറപ്പിച്ചു. ഇതോടെ ന്യൂസീലന്റ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പി.എന്‍.ജി. 19.5 ഓവറില്‍ 95-ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ 15.1 ഓവറില്‍ ലക്ഷ്യം ഭേദിച്ചു-101/3.
അഫ്ഗാന്‍ താരങ്ങളുടെ മികച്ച ബൗളിങ്ങും ഫീല്‍ഡിങ്ങുമാണ് പി.എന്‍.ജി.യെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. നാലുപേരെ റണ്ണൗട്ടാക്കി മടക്കി. നാലോവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഫസല്‍ഹഖ് ഫാറൂഖിയാണ് അഫ്ഗാന്റെ ബൗളിങ് തുറുപ്പുചീട്ടായി പ്രവര്‍ത്തിച്ചത്. നവീനുല്‍ ഹഖ് 2.5 ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുനേടി.
36 പന്തില്‍ 49 റണ്‍സ് നേടിയ ഗുലാബ്ദിന്‍ നായിബാണ് അഫ്ഗാനിസ്താന്റെ ടോപ് സ്‌കോറര്‍. രണ്ട് സിക്സും നാല് ബൗണ്ടറിയും ഉള്‍പ്പെട്ടതാണ് ഗുലാബ്ദിന്റെ ഇന്നിങ്സ്. ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസും (7 പന്തില്‍ 11), ഇബ്രാഹിം സദ്റാനും (പൂജ്യം) ആദ്യ മൂന്നോവറിനുള്ളില്‍ മടങ്ങി. കഴിഞ്ഞ രണ്ട് കളികളിലും നൂറിന് പുറത്ത് പാര്‍ട്ണര്‍ഷിപ്പ് കൈവരിച്ച സഖ്യം ടൂര്‍ണമെന്റില്‍ ഇതാദ്യമായി ചെറിയ സ്‌കോറിനകം തന്നെ പുറത്തായതാണ് അഫ്ഗാനേറ്റ ഏക തിരിച്ചടി.