കിവി ദുരന്തം; വീണ്ടും കിരീടം കൈവിട്ടു; ട്വന്റിയില്‍ ഓസിസ് ചാംപ്യന്‍മാര്‍

ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്റിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസിസ് ട്വന്റിയിലും രാജക്കന്‍മാരായത്.

Update: 2021-11-14 17:30 GMT


ദുബയ്: ഫൈനലില്‍ കാലിടറുന്ന ദുരന്തം ഇന്ന് ദുബയിലും കിവികളെ വേട്ടയാടിയപ്പോള്‍ കുട്ടിക്രിക്കറ്റിലെ ആദ്യ കിരീടം കരസ്ഥമാക്കി ഓസ്‌ട്രേലിയ. ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്റിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഏറ്റവും കൂടുതല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസിസ് ട്വന്റിയിലും രാജക്കന്‍മാരായത്. നമ്പര്‍ വണ്‍ ടീമായിട്ടും ഒരു ലോകകപ്പ് കിരീടമെന്ന കിവികളുടെ സ്വപ്‌നം സ്വപ്‌നമായി തുടരാനായിരുന്നു വിധി. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിനോട് കൈവിട്ട കാനെ വില്ല്യംസണും ടീമും ആ ദുരന്തം മായ്ക്കാനായിരുന്നു ഫൈനലില്‍ ഇറങ്ങിയത്. എന്നാല്‍ ടോസിന്റെ രൂപത്തിലെ തോല്‍വി അവരുടെ പിന്നാലെ വരികയായിരുന്നു.


173 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ ഓസിസിന് ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണര്‍ 38 പന്തില്‍ 53 റണ്‍സ് നേടി തുടക്കം മികച്ചതാക്കി.വാര്‍ണര്‍ക്കൊപ്പം നിലയുറപ്പിച്ചത് മിച്ചല്‍ മാര്‍ഷല്‍ ആയിരുന്നു. 50 പന്തില്‍ 77 റണ്‍സെടുത്ത് മാര്‍ഷല്‍ പുറത്താവാതെ നിന്ന് ഓസിസ് വിജയം എളുപ്പമാക്കുകയായിരുന്നു. വാര്‍ണര്‍ പുറത്തായതോടെ എത്തിയ മാക്‌സ്‌വെല്ലും (28) സൂപ്പര്‍ ബാറ്റിങ് കാഴ്ചവച്ചതോടെ കംഗാരുക്കളുടെ വിജയം എളുപ്പമായി. ഓസിസ് പേടി സ്വപ്‌നമായ ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടിയെങ്കിലും ബാക്കിയുള്ള കിവി ബൗളര്‍മാര്‍ക്കൊന്നും ഇന്ന് ഫോം കണ്ടെത്താനായില്ല.


ടോസ് ലഭിച്ച ഓസിസ് ന്യൂസിലന്റിനെ ബാറ്റിങ്ങനയച്ചപ്പോള്‍ അവര്‍ നേടിയ റണ്‍സ് 172. നാല് വിക്കറ്റ് നഷ്ടത്തിലാണ് ബ്ലാക്ക് ക്യാപ്‌സ് 172 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ വില്ല്യംസണ്‍ 48 പന്തില്‍ 85 റണ്‍സ് നേടിയിരുന്നു. ഗുപ്റ്റിലൊഴികെ (28) മറ്റാര്‍ക്കും ഫോം കണ്ടെത്താനായില്ല. ഓസിസിനായി ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് നേടി.




Tags:    

Similar News